തിരുവനന്തപുരം : സസ്പെൻഷനിലും അന്വേഷണത്തിലും കുടുങ്ങിയ ശേഷം സർവീസിൽ തിരിച്ചെത്തിയ ഐ.ജി പി.വിജയന് ഒടുവിൽ സ്ഥാനക്കയറ്റം. എ.ഡി.ജി.പി ആയി സ്ഥാനക്കയറ്റം ലഭിച്ച പി. വിജയനെ പൊലീസ് അക്കാഡമി ഡയറക്ടറായി സർക്കാർ നിയമിക്കുകയും ചെയ്തു.
എലത്തൂർ ട്രെയിൻ തീവയ്പ് കേസുമായി ബന്ധപ്പെട്ടാണ് വിജയനെ സസ്പെൻഡ് ചെയ്തത്. കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയെ മഹാരാഷ്ട്രയിൽ നിന്ന് കൊണ്ടുവന്ന ഉദ്യോഗസ്ഥരെ വിജയൻ ബന്ധപ്പെട്ടത് സുരക്ഷാവീഴ്ചയാണെന്ന പൊലീസ് ഉന്നതരുടെ റിപ്പോർട്ടായിരുന്നു നടപടിക്കാധാരം. വിശദീകരണം പോലും തേടാതെയായിരുന്നു സസ്പെൻഷൻ. തിരിച്ചെടുക്കാൻ ചീഫ്സെക്രട്ടറി രണ്ടുവട്ടം ശുപാർശ ചെയ്തിട്ടും ഡി.ജി.പി എതിർത്തു. മൂന്നാം ശുപാർശ മുഖ്യമന്ത്രി അംഗീകരിച്ച് നവംബർ 13ന് സസ്പെൻഷൻ റദ്ദാക്കി. വിജയൻ കേന്ദ്രസഹായം തേടിയതിൽ തെറ്റില്ലെന്ന് കണ്ടെത്തിയിരുന്നു. പ്രതി കേരളം വിട്ടെന്നുറപ്പായപ്പോഴാണ് കേന്ദ്രകാബിനറ്റ് സെക്രട്ടേറിയറ്റിലെ കേരള കേഡർ ഐ.ജി അനൂപ് കുരുവിള ജോണിന്റെ സഹായം തേടിയത്.
2028വരെ സർവീസുള്ള വിജയൻ പൊലീസ് മേധാവിയാവാനും സാദ്ധ്യതയുണ്ട്. രാജ്യത്തെ ഏറ്റവും ജനപ്രീതിയുള്ള ഉദ്യോഗസ്ഥനുള്ള സി.എൻ.എൻ-ഐ.ബി.എൻ പുരസ്കാരം ലഭിച്ചിട്ടുണ്ട്. മൻ കീ ബാത്തിന്റെ നൂറാംപതിപ്പിൽ പ്രധാനമന്ത്രിക്കൊപ്പം പങ്കെടുക്കാൻ ക്ഷണമുണ്ടായിരുന്നു. പത്താംക്ലാസ് തോറ്റശേഷം നിശ്ചയദാർഢ്യത്തോടെ പഠിച്ച് ഐ.പി.എസ് നേടിയെന്ന പ്രത്യേകതയും വിജയനുണ്ട്.