ipl

അഹമ്മദാബാദ്: ഐപിഎല്‍ സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ പ്ലേ ഓഫ് മോഹങ്ങളില്‍ കരിനിഴല്‍ വീഴ്ത്തി ഗുജറാത്ത് ടൈറ്റന്‍സ്. 232 റണ്‍സ് പിന്തുടര്‍ന്ന നിലവിലെ ചാമ്പ്യന്‍മാരെ 35 റണ്‍സിനാണ് ഗുജറാത്ത് തോല്‍പ്പിച്ചത്. തോല്‍വിയോടെ പ്ലേ ഓഫ് പ്രവേശനത്തിന് ഇനിയുള്ള രണ്ട് മത്സരങ്ങളും വിജയിക്കണമെന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണ് സിഎസ്‌കെ. രാജസ്ഥാന്‍, ആര്‍സിബി എന്നിവര്‍ക്കെതിരെയാണ് ശേഷിക്കുന്ന മത്സരങ്ങള്‍.

സ്‌കോര്‍: ഗുജറാത്ത് ടൈറ്റന്‍സ് 231-3 (20), ചെന്നൈ സൂപ്പര്‍ കിംഗ്‌സ് 196-8 (20)

കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. 2.5 ഓവറില്‍ 10 റണ്‍സ് നേടുന്നതിനിടെ അവര്‍ക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി ഓപ്പണര്‍മാരായ രചിന്‍ രവീന്ദ്ര 1(2), അജിങ്ക്യ റഹാനെ 1(5), ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്‌വാദ് 0(3) എന്നിവരാണ് പുറത്തായത്. എന്നാല്‍ നാലാം വിക്കറ്റില്‍ ഡാരില്‍ മിച്ചല്‍ 63(34), മൊയീന്‍ അലി 56(36) സഖ്യം നിലവിലെ ചാമ്പ്യന്‍മാരെ മത്സരത്തിലേക്ക് തിരിച്ച് കൊണ്ടുവന്നു. ഇരുവരും ചേര്‍ന്ന് 109 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ഇരുവരും പുറത്തായതോടെ ചെന്നൈ അല്‍പ്പമൊന്നു പതറി.

പിന്നീട് ശിവം ദൂബെ 21(13) 17ാം ഓവറില്‍ പുറത്താകുമ്പോള്‍ ചെന്നൈക്ക് ജയം 20 പന്തില്‍ 67 റണ്‍സ് അകലെയായിരുന്നു. ക്രീസിലുണ്ടായിരുന്ന രവീന്ദ്ര ജഡേജയ്ക്ക് കൂട്ടായി എംഎസ് ധോണി ക്രീസിലെത്തി. 18ാം ഓവറില്‍ ജഡേജയും 18(10) പുറത്തായി. അപ്പോഴേക്കും ജയം ചെന്നൈയില്‍ നിന്ന് വളരെ ദൂരെയായിരുന്നു. എംഎസ് ധോണി 26*(11) പുറത്താകാതെ നിന്നു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റന്‍സിന് വേണ്ടി ഓപ്പണര്‍മാരായ സായ് സുദര്‍ശന്‍ 103(51), ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ 104(55) എന്നിവര്‍ സെഞ്ച്വറി നേടി സുദര്‍ശന്‍ അഞ്ച് ഫോറും ഏഴ് സിക്‌സും അടിച്ചപ്പോള്‍ ഒമ്പത് ഫോറും ആറ് സിക്‌സുമാണ് ഗില്ലിന്റെ ബാറ്റില്‍ നിന്ന് പിറന്നത്.

17.2 ഓവറില്‍ ആദ്യ വിക്കറ്റ് വീഴുമ്പോള്‍ ഇരുവരും ചേര്‍ന്ന് സ്‌കോര്‍ 210ല്‍ എത്തിച്ചിരുന്നു. ഡേവിഡ് മില്ലര്‍ 16(11) പുറത്താകാതെ നിന്നപ്പോള്‍ ഷാരൂഖ് ഖാന്‍ 2(3) അവസാന പന്തില്‍ റണ്ണൗട്ടായി. ചെന്നൈക്ക് വേണ്ടി തുഷാര്‍ ദേശ്പാണ്ഡെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. അവസാന അഞ്ചോവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 41 റണ്‍സ് മാത്രമാണ് ഗുജറാത്തിന് നേടാന്‍ കഴിഞ്ഞത്.