കൊച്ചി: തൃപ്പൂണിത്തുറയിൽ മകൻ ഉപേക്ഷിച്ച കിടപ്പുരോഗിയായ വയോധികനെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഏരൂരിൽ വാടകയ്ക്ക് താമസിച്ചിരുന്ന അജിത്തും കുടുംബവുമാണ് പിതാവായ ഷൺമുഖനെ (70) ഉപേക്ഷിച്ച് കടന്നുകളഞ്ഞത്. വീട്ടുടമയുമായി വാടക തർക്കം നിലനിൽക്കെയാണ് അജിത്തും കുടുംബവും സാധനങ്ങളുമായി കടന്നത്.
രണ്ട് ദിവസത്തോളം ഷൺമുഖന് ഭക്ഷണം പോലും ലഭിച്ചിരുന്നില്ലെന്നാണ് വിവരം. വയോധികന് അജിത്തും കുടുംബവും മതിയായ സംരക്ഷണം നൽകുന്നില്ലെന്ന പരാതി മുൻപും ഉണ്ടായിരുന്നു.പത്ത് മാസങ്ങൾക്ക് മുൻപാണ് ഇവർ വാടക വീട്ടിൽ താമസം ആരംഭിച്ചത്. പൊലീസ് അജിത്തിനെ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും നടന്നിട്ടില്ല. ഇയാൾ വാടക തരാതെയായപ്പോൾ പൊലീസിന് പരാതി നൽകിയിരുന്നതായും വീട്ടുടമ അറിയിച്ചു.
വീട്ടിൽ നിന്നും അജിത്ത് സാധനങ്ങൾ മാറ്റിയത് അറിഞ്ഞിരുന്നില്ലെന്നും രണ്ട് ദിവസത്തിനകം താമസം മാറുമെന്ന് അജിത്ത് പറഞ്ഞിരുന്നതായും വീട്ടുടമ പൊലീസിനോട് പറഞ്ഞു. സഹോദരിമാർ ഏറ്റെടുക്കുമെന്ന് പറഞ്ഞാണ് മകൻ മുങ്ങിയതെന്നാണ് നാട്ടുകാർ പറയുന്നത്. സംഭവത്തിൽ സ്വമേധയാ കേസെടുക്കുമെന്ന് തൃപ്പൂണിത്തുറ പൊലീസ് അറിയിച്ചു. ജില്ലാ കളക്ടർ റിപ്പോർട്ട് തേടിയിട്ടുണ്ട്.