sruthi-menon

സഹപ്രവർത്തകരോട് തുറന്ന് സംസാരിച്ചതിന് പലതരത്തിലുളള വിമർശനങ്ങൾ നേരിട്ടിരുന്നുവെന്ന് വെളിപ്പെടുത്തി നടിയും അവതാരകയുമായ ശ്രുതി മേനോൻ. മുംബയിൽ ജനിച്ചുവളർന്ന താൻ കേരളത്തിൽ എത്തിയപ്പോൾ പലകാര്യത്തിലും വ്യത്യാസം അനുഭവിച്ചിരുന്നുവെന്നും താരം പറഞ്ഞു. യൂട്യൂബ് ചാനലായ മൈൽസ്റ്റോൺ മേക്കേഴ്സിന് അനുവദിച്ച അഭിമുഖത്തിലാണ് ശ്രുതി നേരിട്ട വിമർശനങ്ങളെക്കുറിച്ച് പ്രതികരിച്ചത്.

'ഞാൻ അറിയപ്പെട്ടിരുന്നത് അവതാരകയായിട്ടാണ്. അതുകൊണ്ട് തന്നെ അവതാരകയാകാൻ ഏത് അവസരം കിട്ടിയാലും ഞാൻ ചെയ്യും. മുംബയിൽ ജനിച്ച് വളർന്ന എനിക്ക് കേരളത്തിൽ എത്തിയപ്പോൾ പലകാര്യത്തിലും കൾച്ചറൽ ഷോക്കുണ്ടായി. ഞാൻ എല്ലാവരോടും ഓപ്പണായിട്ടാണ് പെരുമാറിയിരുന്നത്. എന്നാൽ ഞാൻ വന്ന സമയത്ത് കേരളത്തിൽ അങ്ങനെയല്ലായിരുന്നു.

ആ സമയത്ത് എന്റെ സ്വഭാവം ശരിയല്ല. പുരുഷൻമാരോട് സംസാരിക്കും. അങ്ങനെയാണ് മിക്കവർക്കും തോന്നിയത്. സ്‌​റ്റേജിൽ വച്ചിട്ടുപോലും വലിയ അഭിനേതാക്കൾ വരെ എന്നെ കളിയാക്കിയിട്ടുണ്ട്. നിങ്ങൾക്ക് പുരുഷൻമാരോട് അതും സഹപ്രവർത്തകരോട് തുറന്ന് സംസാരിക്കാൻ നാണമില്ലേയെന്ന് പലരും ചോദിച്ചിട്ടുണ്ട്. അങ്ങനെയുളള സംസാരങ്ങൾ ഞാൻ ശ്രദ്ധിച്ചിരുന്നില്ല. ഇങ്ങനെയുളള മോശം ചോദ്യങ്ങൾ ചോദിച്ചത് സ്ത്രീകളായിരുന്നു.

ഞാൻ അവതാരകയായി എത്തിയപ്പോൾ പല ഭാഗങ്ങളിൽ നിന്നും ചോദ്യങ്ങൾ വന്നു. എന്തിനാണ് മലയാളം വൃത്തിയായി സംസാരിക്കാത്ത ഒരാളെ അവതാരകയാക്കുന്നത്. ആ സമയത്ത് ഇവിടെ സ്ലീവ്‌ലെസ് ഇട്ടാൽ വരെ പ്രശ്നമായിരുന്നു.സിനിമയിലും ആങ്കറിംഗ് ചെയ്യുന്ന സമയത്തും പല വിമർശനങ്ങളും നേരിട്ടു.

കോമഡി സ്​റ്റാർസിൽൽ ഞാൻ അവതാരകയായി എത്തിയ ദിവസം തന്നെ ഒരു നടി എന്നെക്കുറിച്ച് സ്​റ്റേജിൽ വച്ച് ഒരുപാട് വിമർശിച്ചിരുന്നു. ആ സമയത്ത് പ്രൊഡ്യൂസർ ബൈജു സർ എന്നെ ആശ്വസിപ്പിച്ചിരുന്നു. വോഡഫോൺ കോമഡി സ്​റ്റാർസ് എന്ന പരിപാടി എനിക്ക് തന്നത് ഒരുപാട് നല്ല കാര്യങ്ങളാണ്. എല്ലാവരും എന്നെയറിയപ്പെടുന്നത് കോമഡി സ്​റ്റാറിലൂടെയാണ്. പഠിക്കാൻ പ​റ്റുന്ന ഒരു ബുക്കാണ് ജഗദീഷേട്ടൻ.ജഡ്ജസുമായി ഉണ്ടായ അഭിപ്രായവ്യത്യാസം കാരണമാണ് ഞാൻ കോമഡി സ്​റ്റാറിൽ നിന്നും മാറിയതെന്ന് പറയുന്നത് വെറും കളളം മാത്രമാണ്.

ഞാൻ സിനിമകൾ ചെയ്യുമ്പോൾ പല മുതിർന്ന നടൻമാരും വിചാരിച്ചിരുന്നത് ഈ കുട്ടി ലൂസ് ക്യാരക്ടർ ആണെന്നാണ്. അതുപോലെ പെൺകുട്ടികളെ ഒരു വസ്തുവായി മാത്രം കാണുന്ന മനോഭാവം ഞാൻ നേരിട്ടിരുന്നു. ഇപ്പോഴും പല സെ​റ്റിലും പെൺകുട്ടികൾ ഇത്തരത്തിലുളള ഹരാസ്‌മെന്റുകൾ അനുഭവിക്കുന്നുണ്ട്. പക്ഷെ ഞാനന്ന് പ്രതികരിച്ചിരുന്നില്ല. കാരണം അന്ന് നല്ല ചെറുപ്പമായിരുന്നു. കരയാൻ മാത്രമേ പ​റ്റിയിരുന്നുളളൂ. നല്ല പേടിയുണ്ടായിരുന്നു.അതിനൊന്നിനും ഞാൻ മാനസികമായി തയ്യാറായിരുന്നില്ല'- ശ്രുതി പറഞ്ഞു.