oman-uae-rail-

ദുബായ്: യുഎഇയിൽ നിന്നും ഒമാനിലേക്കുള്ള റെയിൽവെ ശൃംഖല പദ്ധതിക്ക് തുടക്കം കുറിച്ചു. ഇത്തിഹാദ് റെയിൽ, ഒമാൻ റെയിൽ, മുബദാല ഇൻവെസ്റ്റ്‌മെന്റ് കമ്പനി എന്നിവരാണ് ഒമാനി-എമിറാത്തി റെയിൽ പദ്ധതിയുടെ കരാറിൽ ഒപ്പിട്ടത്. ഒമാൻ സുൽത്താൻ ഹയിത്താം ബിൻ തരിക് യുഎഇ സന്ദർശനത്തിനെത്തിയതിന് പിന്നാലെയാണ് കരാർ ഒപ്പുവച്ചത്. ഷെയർഹോൾഡർ കരാറിൽ ഒപ്പുവെക്കുന്ന സമയത്ത് ഡെവലപ്‌മെന്റ് ആൻഡ് ഫാളൻ ഹീറോസ് അഫയേഴ്സ് പ്രസിഡൻഷ്യൽ കോർട്ട് ഡെപ്യൂട്ടി ചെയർമാനും ഇത്തിഹാദ് റെയിൽ ചെയർമാനുമായ ഷെയ്ഖ് തിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പങ്കെടുത്തു.

ആകെ 3 ബില്യൺ യുഎസ് ഡോളർ നിക്ഷേപം ആവശ്യമുള്ള സംയുക്ത റെയിൽവേ ശൃംഖല, യുഎഇയെയും ഒമാനെയും പ്രാദേശിക വിപണികളിലേക്കുള്ള തുറന്ന വാതിലുകളായി പ്രവർത്തിക്കുമെന്ന് കമ്പനികൾ അറിയിച്ചു. പുതിയ പദ്ധതിയിലൂടെ രണ്ട് രാജ്യങ്ങളിലെയും വിവിധ മേഖലയിൽ വമ്പിച്ച തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും കാരണമാകും. ഇതോടൊപ്പം ഇന്ത്യക്കാരടക്കമുള്ള പ്രവാസികൾക്കും പദ്ധതിയുടെ ഗുണം ലഭിക്കാനുള്ള സാദ്ധ്യത ഏറെയാണ്.

നേരത്തെ ഒമാൻ-ഇത്തിഹാദ് റെയിൽ കമ്പനിയായിരുന്ന ഈ സംയുക്ത സംരംഭം ഇനി ഹഫീത് റെയിൽ എന്ന പേരിൽ അറിയപ്പെടും. ഒമാൻ സുൽത്താനേറ്റിനും യുഎഇയ്ക്കും ഇടയിലും വ്യാപിച്ചുകിടക്കുന്ന ജബൽ ഹഫീത്തിന്റെ സ്മരണാർത്ഥമാണ് ഈ പേര് നൽകിയിരിക്കുന്നത്. പർവതങ്ങൾ, മരുഭൂമികൾ എന്നിവ ഉൾപ്പെടുന്ന ദുർഘടമായ ഭൂപ്രദേശത്തിലൂടെ രണ്ട് അയൽരാജ്യങ്ങൾ തമ്മിലുള്ള ഒരു കണ്ണിയായി വർത്തിക്കുന്ന ജബൽ ഹഫീത് രണ്ട് രാജ്യങ്ങൾക്കും തന്ത്രപരമായതും ചരിത്രപരമായ പ്രാധാന്യവും വഹിക്കുന്നു.

പുതിയ റെയിൽവെ ശൃഖല രണ്ട് രാജ്യങ്ങളും തമ്മിലുള്ള അതിർത്തി കടന്നുള്ള വ്യാപാരം സുഗമമാക്കും. ഒരു ട്രെയിനിൽ ഒറ്റ യാത്രയ്ക്ക് 5,000 ടണ്ണിലധികം ചരക്ക് കൊണ്ടു പോകാൻ സാധിക്കും. അതായത് 270ഓളം കണ്ടെയിനറുകൾ. ഖനനം, ഇരുമ്പ്, ഉരുക്ക്, കൃഷി, ഭക്ഷണം, റീട്ടെയിൽ, ഇ-കൊമേഴ്സ്, പെട്രോകെമിക്കൽ മേഖല തുടങ്ങി ഇരു രാജ്യങ്ങളിലെയും വിവിധ മേഖലകളുടെ വികസനത്തിന് ഹഫീത് റെയിൽ സംഭാവന നൽകുമെന്ന് ബന്ധപ്പെട്ടവർ പറയുന്നു.

കൂടാതെ പാസഞ്ചർ ട്രെയിൻ സർവീസുകൾ ഇരു രാജ്യങ്ങളുടെയും ടൂറിസം മേഖലയ്ക്ക് പിന്തുണ നൽകും. 200 കിലോ മീറ്റർ വേഗതയിൽ സഞ്ചരിക്കാൻ സാധിക്കുന്ന പാസഞ്ചർ ട്രെയിനുകളാണ് പദ്ധതി നടപ്പാക്കിയാൽ സർവീസ് നടത്തുക. സോഹാറിനും അബുദാബിക്കും ഇടയിലുള്ള ദൂരം 100 മിനിറ്റിലും സോഹാറിനും അൽഐനിനും ഇടയിലുള്ള ദൂരം 47 മിനിറ്റിലും എത്തിച്ചേരാൻ ഈ ട്രെയിനുകൾക്ക് സാധിക്കുമെന്നാണ് കണക്കുകൂട്ടൽ. ഒരു ട്രെയിനിൽ 400 പേർക്ക് യാത്ര ചെയ്യാൻ സാധിക്കും.