മൃദുവായതും ബലമുളളതുമായ മുടിയിഴകൾ എല്ലാവരുടെയും സ്വപ്നമാണ്. അതിനായി പലതരത്തിലുളള മാർഗങ്ങളും നമ്മൾ അന്വേഷിക്കാറുണ്ട്. സാധാരണയായി മുടിയുടെ സംരക്ഷണത്തിനായി മിക്കവരും ഉപയോഗിക്കുന്ന രണ്ട് സാധനങ്ങളാണ് ഷാംപൂവും കണ്ടീഷണറും. ഒരേ ബ്രാൻഡിലുളള ഷാംപൂവും കണ്ടീഷണറുമായിരിക്കും കൂടുതൽ പേരും ഉപയോഗിക്കാറുളളത്.
മുടിയിഴകൾക്ക് ഏത് തരത്തിലുളള ഷാംപൂവാണ് അനുയോജ്യം എന്ന് മനസിലാക്കി ഉപയോഗിക്കുന്നതും പ്രധാനപ്പെട്ട കാര്യമാണ്. മുടിയിഴകളുടെ സ്വഭാവത്തിന് അനുസൃതമായ ഷാംപൂവല്ല ഉപയോഗിക്കുന്നതെങ്കിൽ ഗുണത്തേക്കാൾ ദോഷമായിരിക്കും ഉണ്ടാകുന്നത്. അതിനാൽത്തന്നെ ഇത് മനസിലാക്കുന്നതാണ് ആദ്യത്തെ ഘട്ടം.
ഡിറ്റർജന്റ് ബേസ് ഷാംപൂകൾ മുടിയെ വളരെ ദോഷകരമായി ബാധിക്കും. വരണ്ടമുടിക്ക് കോൾഡ് ഓയിൽ ടാർ അല്ലെങ്കിൽ ലെസിത്തിൻ തുടങ്ങിയവ അടങ്ങിയ ഷാംപൂവാണ് ഉത്തമം. എണ്ണമയമുള്ള മുടിക്ക് സൾഫറോ, ദേവദാരു എസൻസോ അടങ്ങിയ ഷാംപൂ ഉപയോഗിക്കുന്നതാണ് നല്ലത്.
എങ്ങനെയാണ് ഷാംപൂ ഉപയോഗിക്കേണ്ടത്
അനുയോജ്യമായ ഷാംപൂ ഉപയോഗിക്കുന്നതിനു മുൻപ് ഇളം ചൂട് വെള്ളത്തിൽ തലമുടി മുക്കി നനയ്ക്കുക. അല്പം ഷാംപൂ തലയിൽ പുരട്ടി വിരൽത്തുമ്പുകൊണ്ട് ശക്തിയായി തലയോട്ടിയിൽ മസാജ് ചെയ്യുക. നന്നായി പുരട്ടിയതിനുശേഷം ഇളം ചൂട് വെള്ളത്തിൽ കഴുകുക.എന്നിട്ട് കൂടുതൽ ഷാംപൂ എടുത്ത് രണ്ടുകൈകൾ കൊണ്ട് നന്നായി പതപ്പിച്ചതിന് ശേഷം തലയിൽ പുരട്ടുക. പത അല്പം പോലും മുടിയിഴകളിൽ അവശേഷിക്കാതെ വൃത്തിയായി കഴുകാൻ ശ്രദ്ധിക്കണം. നനവ് പൂർണമായി പിടിച്ചെടുക്കാൻ ടവ്വൽ ഉപയോഗിക്കുന്നത് നല്ലതാണ്.
അധികം പണം മുടക്കാതെ വീട്ടിൽ ലഭ്യമായ ചില വസ്തുക്കൾ ഉപയോഗിച്ചും ഗുണപ്രദമായ ഷാംപൂ തയ്യാറാക്കാവുന്നതാണ്. എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ സാധനങ്ങൾ
ഉലുവ - 1 ടീസ്‌പൂൺ
ചെമ്പരത്തി പൂവ് - അഞ്ചെണ്ണം
രാമച്ചം - ഒരു ടേബിൾസ്‌പൂൺ
കറ്റാർവാഴ ജെൽ - രണ്ട് ടീസ്‌പൂൺ
സോപ്പ് കായ - അഞ്ചെണ്ണം
വൈറ്റമിൻ ഇ കാപ്‌സ്യൂൾ - ഒന്ന്
വെള്ളം - ഒന്നര ഗ്ലാസ്
തയ്യാറാക്കുന്ന വിധം
ഉലുവ, ചെമ്പരത്തി പൂവ്, രാമച്ചം, കറ്റാർവാഴ ജെൽ, സോപ്പ് കായ എന്നിവ വെള്ളം ചേർത്ത് നന്നായി തിളപ്പിച്ച് കുറുക്കിയെടുക്കുക. തണുക്കുമ്പോൾ ഇതിലേയ്ക്ക് ഒരു വൈറ്റമിൻ ഇ കാപ്‌സ്യൂൾ ചേർത്ത് നന്നായി യോജിപ്പിക്കണം. ആഴ്ചയിൽ രണ്ടോ മൂന്നോ പ്രാവശ്യം മാത്രം ഈ ഷാംപൂ ഉപയോഗിക്കുക. തയ്യാറാക്കിയ ശേഷം ഫ്രിഡ്‌ജിൽ വയ്ക്കാൻ മറക്കരുത്.