ന്യൂഡൽഹി: ഐ പി എല്ലിൽ ഡൽഹി നായകൻ ഋഷഭ് പന്തിന് വിലക്കേർപ്പെടുത്തി ബി സി സി ഐ. ഒരു മത്സരത്തിലാണ് വിലക്ക്. രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിലെ കുറഞ്ഞ ഓവർ നിരക്കിന്റെ പേരിലാണ് നടപടി.
തുടർച്ചയായ മൂന്നാം തവണയും പിഴവ് വരുത്തിയതോടെയാണ് കടുത്ത നടപടിയിലേക്ക് ബി സി സി ഐ നീങ്ങിയത്. വിലക്ക് കൂടാതെ പിഴയായി 30 ലക്ഷം രൂപയും അടക്കണം.ഋഷഭ് പന്തിനെ കൂടാതെ ഡൽഹി ടീമിലെ മറ്റ് അംഗങ്ങൾക്കും പിഴ ശിക്ഷയുണ്ട്. ഓരോരുത്തരും 12 ലക്ഷം രൂപ അടക്കണം.
ഐ പി എൽ വ്യവസ്ഥ പ്രകാരം, ആദ്യ മത്സരത്തിൽ കുറഞ്ഞ ഓവർ നിരക്കാണെങ്കിൽ ക്യാപ്റ്റനിൽ നിന്ന് 12 ലക്ഷം രൂപയാണ് പിഴ ഈടാക്കുക. രണ്ടാം തവണയും ഇതാവർത്തിച്ചാൽ ഇരട്ടി പിഴ ഈടാക്കും. മൂന്നാം തവണയും ഇങ്ങനെ സംഭവിച്ചാൽ പിഴ കൂടാതെ വിലക്കും ഏർപ്പെടുത്തും.
ഐപിഎൽ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് റിഷഭ് പന്തിന് പിഴയും ഒരു മത്സരത്തിൽ നിന്ന് വിലക്കും ഏർപ്പെടുത്തിയതായി പ്രസ്‌താവനയിലൂടെയാണ് ബി സി സി ഐ അറിയിച്ചത്. ടീം നിലവിൽ അഞ്ചാം സ്ഥാനത്താണ്.