ഫ്രാൻസിൽ ലോകത്തെ തന്നെ മികച്ച സിനിമകൾ തിരഞ്ഞെടുത്ത് അവതരിപ്പിക്കുന്ന കാൻ ചലച്ചിത്ര മേളയിൽ എന്തുകൊണ്ടാണ് ഇന്ത്യൻ സിനിമയ്ക്ക് മത്സര വിഭാഗത്തിൽ വീണ്ടുമെത്താൻ മുപ്പതു വർഷം കാത്തിരിക്കേണ്ടി വന്നത് എന്ന ചോദ്യം പ്രസക്തമാണ്. നാളെ മുതൽ 25 വരെ നടക്കുന്ന മേളയിൽ മികച്ച ചിത്രത്തിനുള്ള പാം ഡി ഓർ നേടാനുള്ള മത്സരത്തിൽ ഒരു ഇന്ത്യൻ ചലച്ചിത്രമുണ്ടെന്നതും അതിൽ മലയാളി അഭിനേതാക്കൾ അഭിനയിച്ചിട്ടുണ്ടെന്നതും, ഒപ്പം തന്നെ വിഖ്യാതമായ പിയർ ആഞ്ജിനോ പുരസ്ക്കാരം വിഖ്യാതഛായാഗ്രാഹകൻ സന്തോഷ് ശിവന് സമ്മാനിക്കുന്നുണ്ടെന്നതും ഏറെ അഭിമാനമുയർത്തുന്നു.
പായൽ കപാഡിയ സംവിധാനം ചെയ്ത 'ഓൾ വി ഇമാജിൻ ആസ് ലെെറ്റ്' ആണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. 'പിറവി"ക്കു ശേഷം ഞാൻ സംവിധാനം ചെയ്ത 'സ്വം" 1994- ൽ പാം ഡി ഓറിനായുള്ള മത്സര വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഒരോ വർഷം കഴിയുന്തോറും ലോക സിനിമയിൽ പുതിയ പരീക്ഷണങ്ങൾ നടക്കുന്നു. ഒ.ടി.ടി പ്ളാറ്റ്ഫോമുകൾ വ്യാപകമായതോടെ മലേഷ്യ, ഇന്ത്യോനേഷ്യ, കംബോഡിയ പോലുള്ള രാജ്യങ്ങളിൽ നിന്നു വരെ മികച്ച ചിത്രങ്ങൾ വരുന്നു. ചലച്ചിത്ര മേളകകളിൽ ശക്തമായ സാന്നിദ്ധ്യമാകാൻ അവർക്കു കഴിയുന്നു .
കാനിലെ
മലയാളം
എഴുപത്തിയേഴ് വർഷത്തോളമായി പാം ഡി ഓർ ഏറ്റവും മികച്ച ചിത്രത്തിന് നൽകുന്നുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച സിനിമയും സിനിമക്കാരെയും തിരഞ്ഞെടുക്കുന്ന കാൻ ഫിലിം ഫെസ്റ്റിവൽ മലയാള സിനിമയ്ക്ക് പരിചിതമായിട്ട് അധികകാലമായിട്ടില്ല. ഒരു കായികതാരത്തിന് ഒളിമ്പിക്സ് പോലെയാണ് സിനിമാ പ്രവർത്തകർക്ക് കാൻ ഫിലിം ഫെസ്റ്റിവൽ. മലയാള സിനിമയ്ക്കും മുമ്പേ സത്യജിത് റേയുടെ പഥേർ പാഞ്ചാലി (1956) കാൻ ഫെസ്റ്റിവലിൽ മികച്ച ഹ്യൂമൻ ഡോക്യുമെന്റ് അവാർഡ് നേടി. ബംഗാൾ സിനിമകൾ മേളയിൽ നേരത്തേ തന്നെ ഇടം കണ്ടെത്തിയിട്ടുണ്ട്. അതിന്റെ അർത്ഥമെന്തെന്നു ചോദിച്ചാൽ ലോകസിനിമയ്ക്കൊപ്പം നിൽക്കാൻ അവർ അന്നേ തയ്യറായിരുന്നു എന്നാണ്.
കാൻ ചലച്ചിത്ര മേളയിൽ സാന്നിദ്ധ്യമറിയിക്കാൻ മലയാളത്തിനു കഴിഞ്ഞത് പിന്നീട് വർഷങ്ങൾക്കു ശേഷമാണ്. ലോകത്തെ പ്രമുഖരായ ചലച്ചിത്ര പ്രതിഭകൾ ഒത്തുകൂടുന്ന കാൻ ചലച്ചിത്ര മേളയിൽ എത്തിപ്പെടുക എന്നതും നന്നേ പ്രയാസമാണ്. കാൻ എന്താണെന്ന് അറിയാത്ത സമയത്താണ് മലയാളത്തിൽ നിന്ന് 1994-ൽ 'സ്വം" കാൻ ചലച്ചിത്രമേളയിൽ പാം ഡി ഓർ വിഭാഗത്തിൽ മത്സരിച്ചത്. മേളയിൽ പ്രദർശിപ്പിക്കാനുള്ള യോഗ്യത നേടാൻ 'പിറവി"ക്കും കഴിഞ്ഞിരുന്നു. 1999- ൽ അൺസെർട്ടൺ റിഗാർഡ് വിഭാഗത്തിൽ പ്രദർശിപ്പിക്കാൻ 'വാനപ്രസ്ഥത്തിനും" അവസരമുണ്ടായി. കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുകയെന്നത് ലോക സിനിമയ്ക്കു മുന്നിൽത്തന്നെ വലിയ അംഗീകാരമാണ് .
വളരുന്ന
ലോക സിനിമ
സിനിമയെന്നത് ഒരു ആഗോള ഭാഷയാണ്. ഏതു ഭാഷയിലുള്ളവർക്കും മനസിലാകുന്ന ആ ആഗോള ഭാഷയിലേക്കാണ് സിനിമകൾ എത്തേണ്ടത്. അതിന് ബഡ്ജറ്റ് അല്ല പ്രധാനം. ഇത്തവണ കാൻ ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പായൽ കപാഡിയയുടെ 'ഓൾ വി ഇമാജിൻ ആസ് ലെെറ്റ്" എന്ന ചിത്രം നിർമ്മാണച്ചെലവു കുറഞ്ഞ ചിത്രമാണ്. ഇത് വെളിവാക്കുന്നത്, സിനിമയിൽ ബഡ്ജറ്റിനേക്കാൾ പ്രധാനം മൂല്യം ചോർന്നുപോകാതെയുള്ള ഉള്ളടക്കം ആണെന്നതാണ്.
വിശ്വഭാഷയായിരിക്കണം ആ ചിത്രത്തിന്റെ പ്രത്യേകത. ആഗോള ഭാഷയിൽ കഥ പറയാനുള്ള സ്പേസ് എങ്ങനെയാണ് ഒരു ചലച്ചിത്ര പ്രവർത്തകനോ പ്രവർത്തകയോ ഉണ്ടാക്കിയെടുക്കുകയെന്നതാണ് പ്രധാന വെല്ലുവിളി. ഇതിനെ മറികടക്കുന്ന ചിത്രങ്ങൾക്കാണ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലുകളിൽ സ്ഥാനമുള്ളത്. ഓരോ വർഷം കഴിയുന്തോറും ലോകസിനിമയിൽ വലിയ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.
മികച്ച സിനിമ
വരണം
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന ചിത്രങ്ങളുമായി മത്സരിക്കാൻ തയ്യാറാവുന്ന തരത്തിലുള്ള മലയാള
സിനിമകൾ ഇറങ്ങേണ്ടതുണ്ട്. ലോകത്തിലെ മികച്ച ഫിലിം മേക്കേഴ്സുമായുള്ള ഇത്തരം ഇടപെടലുകൾ മലയാള സിനിമയിലും മാറ്റങ്ങൾ കൊണ്ടുവരും. ലോകത്തിൽ നിന്നു തന്നെ മികച്ച അയ്യായിരം മുതൽ പതിനായിരം വരെ സിനിമകൾക്കിടയിൽ നിന്നാണ് കാൻ ഫെസ്റ്റിവലിലേക്കുള്ള ചിത്രങ്ങളുടെ തിരഞ്ഞെടുപ്പ്. അത്തരം മികച്ച ചിത്രങ്ങൾക്കൊപ്പമാണ് ഇനിയുള്ള കാലത്ത് ഇന്ത്യൻ സിനിമയും മലയാള സിനിമയും മാറ്റത്തിന്റെ പാതയിലൂടെ വളർന്ന് മത്സരിക്കേണ്ടത് എന്നതും വസ്തുതയാണ്.
(കേരളകൗമുദി ലേഖകനോടു പറഞ്ഞത് )