sunspot

ന്യൂഡൽഹി: ഭൂമിയുടെ 15 മടങ്ങ് വലിപ്പത്തിൽ സൂര്യനിൽ രൂപംകൊണ്ട സൗരകളങ്കത്തിൽ (എ.ആർ 3664 സൺസ്‌പോട്ട്) നിന്നുള്ള വൈദ്യുത കാന്തിക റേഡിയേഷൻ ആശങ്കയാകുന്നു. ഒപ്പം ധ്രുവദീപ്തി എന്ന പ്രകാശ വിസ്‌മയവും ദൃശ്യമായി. തീവ്രമായ എക്സ് ക്ലാസ് റേഡിയേഷൻ യൂറോപ്പിലും ആഫ്രിക്കയിലും ജപ്പാനിലും റേഡിയോ ബ്ലാക്ക് ഔട്ടിനിടയാക്കി. ഈ മാസം ഏഴിനും എട്ടിനുമാണ് രണ്ട് സൗരവാതങ്ങൾ പ്രവഹിച്ചത്.

ഇന്നും നാളെയും കൂടി ആശങ്കയുണ്ട്. യു.എസ് നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്‌ഫെറിക് അഡ്മിനിസ്ട്രഷന്റെ (നോവ) മുന്നറിയിപ്പാണിത്. ഐ.എസ്.ആർ.ഒയുടെ സൂര്യദൗത്യമായ ആദിത്യ എൽ. വണ്ണിലെ സോളാർ വിൻഡ് ഇലക്ട്രോൺ എനർജി പ്രോബും സോളാർ വിൻഡ് അയൺ കോംപോസിഷൻ അനലൈസറും സൗരവാതമുണ്ടാക്കുന്ന മാറ്റങ്ങൾ നിരീക്ഷിക്കുന്നുണ്ട്.

പതിനൊന്ന് വർഷം കൂടുമ്പോൾ ചാർജ് കണങ്ങളുടെ പ്രക്ഷുബ്ധതയിൽ സൂര്യന്റെ കാന്തിക മണ്ഡലം പാടേ തിരിയും. ഉത്തര, ദക്ഷിണ ധ്രുവങ്ങൾ പരസ്പരം മാറും. സൂര്യകളങ്കങ്ങൾ രൂപം കൊള്ളും. ഇവയിലെ ഉഗ്രസ്‌ഫോടനമാണ് സോളാർ ഫ്ലെയ‌ർ. ഇതിന്റെ ഫലമായുണ്ടാകുന്ന ഇലക്ട്രോ മാഗ്നറ്റിക് റേഡിയേഷൻ പ്രകാശവേഗത്തിൽ സഞ്ചരിച്ച് എട്ട് മിനിറ്റിൽ ഭൂമിയിലെത്തും. ഒപ്പം സൂര്യന്റെ ബാഹ്യ പാളിയായ കൊറോണയിൽ നിന്ന് കാന്തിക, പ്ലാസ്‌മ പ്രവാഹവുമുണ്ടാവും. ഇതാണ് കൊറോണൽ മാസ് ഇജക്ഷൻ. ഇത് ഭൂമിയുടെ കാന്തിക മണ്ഡലവുമായി കൂട്ടിയിടിക്കുമ്പോഴാണ് കാന്തിക കൊടുങ്കാറ്റും വർണാഭമായ ധ്രുവ ദീപ്തിയുമുണ്ടാകുന്നത്. ഉത്തര ധ്രുവത്തിൽ നോർത്തേൺ ലൈറ്റ്സ് (അറോറ ബോറിയാലിസ്). ദക്ഷിണധ്രുവത്തിൽ അറോറ ആസ്ട്രലിസ്. വെള്ളിയാഴ്ച വിവിധ രാജ്യങ്ങളിൽ നോർത്തേൺ ലൈറ്റ്സ് ദൃശ്യമായി.

ബഹിരാകാശ സഞ്ചാരികൾക്ക് ഭീഷണി

1. ഉപഗ്രഹങ്ങൾക്കും ബഹിരാകാശ സഞ്ചാരികൾക്കും ഭീഷണി

2. ഇന്റർനെറ്റ്, വിമാന സർവീസുകൾ, ജി.പി.എസ്, വൈദ്യുതി ഗ്രിഡ്, ഇലക്ട്രോണിക് ഉപകരണങ്ങൾ, വാർത്താവിനിമയം, ഡിജിറ്റൽ പണം ഇടപാട് സ്തംഭിക്കും.

എ. ആർ 3664 സൺസ്‌പോട്ട്

 നഗ്ന നേത്രങ്ങൾക്ക് കാണാവുന്നത്ര വലിപ്പം.

 രണ്ട് ലക്ഷം കിലോമീറ്റർ വിസ്തൃതി

 സൂര്യഗ്രഹണം നിരീക്ഷിക്കുന്ന ഫിൽറ്റർ കണ്ണടയിലൂടെ മാത്രമേ നോക്കാവൂ.

കാരിംഗ്ടൺ ഇവന്റ്, 1859

ചരിത്രത്തിലെ ശക്തമായ സൗരവാതം

 ബ്രിട്ടീഷ് ശാസ്‌ത്രജ്ഞൻ റിച്ചാ‌ർഡ് കാരിംഗ്ടണിന്റെ പേരിൽ അറിയപ്പെടുന്നു

 ഭൂമിയുടെ കാന്തിക മണ്ഡലം താറുമാറാക്കി

 യു.എസിലെയും യൂറോപ്പിലെയും ടെലഗ്രാഫ് ശൃംഘല സ്തംഭിച്ചു.

 വൈദ്യുതി വിതരണം താറുമാറായി