ലണ്ടന്‍: രണ്ട് പതിറ്റാണ്ട് നീണ്ട ഐതിഹാസികമായ ക്രിക്കറ്റ് കരിയറിന് വിരാമം കുറിക്കുന്നുവെന്ന് പ്രഖ്യാപിച്ച് ഇംഗ്ലണ്ട് ഇതിഹാസം ജെയിംസ് ആന്‍ഡേഴ്‌സണ്‍. വെസ്റ്റിന്‍ഡീസിനെതിരെ ആരംഭിക്കുന്ന പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരം തന്റെ അവസാന രാജ്യാന്തര മത്സരമായിരിക്കുമെന്ന് ജിമ്മി അറിയിച്ചു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് 41കാരനായ താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്.
21 വര്‍ഷങ്ങള്‍ക്ക് മുമ്പ് സിംബാബ്‌വേയ്‌ക്കെതിരെ 2003 മേയ് 22ന് അരങ്ങേറിയ വിഖ്യാതമായ ലോഡ്‌സ് മൈതാനത്തിലാണ് തന്റെ അവസാന മത്സരവും കളിക്കാന്‍ ആന്‍ഡേഴ്‌സണ്‍ തീരുമാനമെടുത്തിരിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍ 700 വിക്കറ്റുകള്‍ നേടുന്ന മൂന്നാമത്തെ മാത്രം താരമെന്ന റെക്കോഡിന് ഉടമയായ അദ്ദേഹം ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ ഫാസ്റ്റ് ബൗളര്‍ കൂടിയാണ്.
കഴിഞ്ഞ വര്‍ഷം നടന്ന ആഷസ് പരമ്പരയിലും അതിന് ശേഷം ഈ വര്‍ഷം ആദ്യം ഇന്ത്യയില്‍ നടന്ന അഞ്ച് മത്സര പരമ്പരയിലും ഇംഗ്ലണ്ട് ടീമിലുണ്ടായിരുന്നെങ്കിലും മികവ് കാണിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതാകാം വിരമിക്കലിനുള്ള സമയമായെന്ന തോന്നലുണ്ടാകാന്‍ കാരണം.
ഇന്ത്യക്കെതിരെ എക്കാലവും മികച്ച പ്രകടനം നടത്തിയിട്ടുള്ള ആന്‍ഡേഴ്സണ്‍ 39 ടെസ്റ്റുകളില്‍ നിന്ന് 149 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. ഇതില്‍ 104 വിക്കറ്റും ഇംഗ്ലണ്ടിലായിരുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ അന്തരിച്ച ഇതിഹാസ താരം ഷെയ്ന്‍ വേണിനെ പിന്തള്ളി എക്കാലത്തെയും വലിയ രണ്ടാമത്തെ വിക്കറ്റ് വേട്ടക്കാരനാവാന്‍ ആന്‍ഡേഴ്സണ് ഇനി ഒമ്പത് വിക്കറ്റ് കൂടി മതി.