ലക്‌നൗ: ഉത്തർപ്രദേശിലെ ലക്‌നൗവിൽ ഹൈവേയിൽ തോക്കുമേന്തി റീൽ ചെയ്‌ത യുവതിക്കെതിരെ നടപടിയെടുക്കുമെന്ന് പൊലീസ്. നിയമം ലംഘിച്ച യുവതിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കല്യാൺജി ചൗധരി എന്നയാൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഗൗരവമേറിയ വിഷയമാണെന്നും വിശദമായി അന്വേഷണം നടത്തി വേണ്ട നടപടികൾ കൈക്കൊള്ളുമെന്നും ലക്‌നൗ പൊലീസ് വ്യക്തമാക്കി. പ്രശസ്ത യൂട്യൂബർ സിമ്രാൻ യാദവ് എന്ന യുവതി കൈയിൽ പിസ്റ്റളുമായി ഒരു ഭോജ്പുരി ഗാനത്തിന് ചുവടുവയ്ക്കുന്ന വീഡിയോയാണിത്. ഹൈവേയിൽ റോഡിന് നടുവിലായി നിരവധിയാളുകൾ നോക്കിനിൽക്കെയാണ് പിസ്റ്റളുമായുള്ള പ്രകടനം. യൂട്യൂബിൽ 1.8 മില്യൺ സബ്സ്‌ക്രൈബേഴ്സും ഇൻസ്റ്റഗ്രാമിൽ 2.2 മില്യൺ ഫോളോവേഴ്സുമുള്ളയാളാണ് സിമ്രാൻ യാദവ്. വീഡിയോ വൈറലായതോടെ നിരവധി പേരാണ് പ്രതിഷേധവുമായി എത്തിയത്.