crime

തിരുവനന്തപുരം: കരമന അഖില്‍ കൊലപാതക കേസില്‍ ഒരാള്‍ പിടിയില്‍. അഖിലിനെ തട്ടിക്കൊണ്ട് പോകാന്‍ ഉപയോഗിച്ച ഇന്നോവ കാര്‍ ഓടിച്ചിരുന്ന അനീഷിനെയാണ് കരമന പൊലീസ് പിടികൂടിയത്. മറ്റൊരു സ്ഥലത്തേക്ക് ഒളിവില്‍ പോകാനുള്ള ശ്രമത്തിനിടെയാണ് അനീഷിനെ പൊലീസ് പിടികൂടിയത്.

വട്ടപ്പാറ സ്വദേശി കിരണ്‍ കൃഷ്ണ, അച്ചുവെന്ന അഖില്‍, സുമേഷ്, വിനീത് എന്നിവരാണ് കേസിലെ പ്രതികള്‍. കിരണിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബാക്കി മൂന്ന് പേര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്. ഇവര്‍ ലഹരിസംഘത്തിലെ അംഗങ്ങളാണെന്നാണ് പൊലീസ് പറയുന്നത്.

നാല് പ്രതികളില്‍ ഒരാള്‍ വണ്ടിയില്‍ തന്നെ ഇരിക്കുകയായിരുന്നു. മൂന്ന് പേരാണ് കൃത്യം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. അഖിലും വിനീതും കരമന അനന്തു വധക്കേസിലെ പ്രതികളാണ്. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയാണ് കരമന സ്വദേശിയായ അഖിലിനെ വെള്ളിയാഴ്ച ഇവര്‍ കൊലപ്പെടുത്തിയത്. പ്രതികള്‍ സംസ്ഥാനം വിട്ട് പുറത്ത് പോയിട്ടുണ്ടാകാനുള്ള സാദ്ധ്യത പൊലീസ് തള്ളിക്കളയുന്നില്ല.

അതേസമയം കൊലപാതകത്തിന് കാരണം മുന്‍വൈരാഗ്യമെന്നാണ് പൊലീസ് പറയുന്നത്. ഏപ്രില്‍ 26ന് പാപ്പനംകോട്ടെ ബാറില്‍ അഖിലും മറ്റൊരു സംഘവുമായി സംഘര്‍ഷമുണ്ടായിരുന്നു. എതിര്‍ സംഘത്തിലെ ആളുകളെ അഖില്‍ കല്ലുകൊണ്ട് തലയ്ക്ക് ആക്രമിച്ചിരുന്നു. തുടര്‍ന്നുണ്ടായ വൈരാഗ്യം മൂലം എതിര്‍സംഘത്തില്‍പ്പെട്ടയാളുകള്‍ അഖിലിനെ ആക്രമിക്കുകയായിരുന്നു.

കൊല്ലപ്പെട്ട അഖിലും പ്രതികളും ലഹരി സംഘത്തിലെ കണ്ണികളാണെന്ന് സ്ഥിരീകരിച്ചു. അഖിലിനെ ക്രൂരമായി കൊലപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. അഖിലിനെ കൊലപ്പെടുത്തിയത് അതിക്രൂരമായിട്ടാണെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.

ആറു തവണ അഖിലിന്റെ ദേഹത്തേക്ക് കല്ലെടുത്തിടുകയും ഒരു മിനുട്ടോളം കമ്പി വടി കൊണ്ട് നിര്‍ത്താതെ അടിക്കുകയും ചെയ്തു. അഖില്‍ ഓടി രക്ഷപെടാന്‍ ശ്രമിച്ചപ്പോള്‍ വീണ്ടും നിലത്തിട്ടു ആക്രമിച്ചു. ബോധരഹിതനായിട്ടും ക്രൂരമായ മര്‍ദ്ദനം തുടരുകയായിരുന്നു. ആശുപത്രിയിലെത്തിക്കുമ്പോള്‍ തലയോട്ടി പിളര്‍ന്ന നിലയിലായിരുന്നു അഖില്‍.

ഒഴിഞ്ഞ പറമ്പിലെത്തിച്ച് കമ്പിയും കല്ലുംകൊണ്ട് ആക്രമിച്ചശേഷം വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. മരണം ഉറപ്പിക്കാന്‍ ദേഹത്തേക്കു കല്ലെടുത്തിടുകയും ചെയ്തു. അരമണിക്കൂറോളം കഴിഞ്ഞ് പ്രദേശവാസികളാണ് രക്തംവാര്‍ന്ന നിലയില്‍ അഖിലിനെ കണ്ടെത്തിയത്.