shafi-parambil

കോഴിക്കോട്: വടകര ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള വര്‍ഗീയ പരാമര്‍ശ വിവാദത്തില്‍ പ്രതികരണവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ എംഎല്‍എ. വര്‍ഗീയത പറഞ്ഞ് തിരഞ്ഞെടുപ്പില്‍ ജയിക്കുന്നതിനേക്കാള്‍ ഇഷ്ടം നൂറ് തിരഞ്ഞെടുപ്പുകളില്‍ തോല്‍ക്കാനാണെന്നാണ് ഷാഫിയുടെ പ്രതികരണം.

മതത്തിന്റെ പേരില്‍ നാടിനെ വിഭജിക്കാന്‍ ശ്രമിക്കുന്നവരുടെ പട്ടികയില്‍ തന്റെ പേര് കാണാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒരു വര്‍ഗീയ ധ്രുവീകരണത്തിനും വടകര നിന്നു കൊടുത്തിട്ടില്ല. നാളെ നിന്നുകൊടുക്കില്ല. കാഫിറിന്റെ സ്‌ക്രീന്‍ ഷോട്ട് ഉണ്ടാക്കിയവരെ എന്തുകൊണ്ട് ആഭ്യന്തര വകുപ്പ് നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുന്നില്ല.

വര്‍ഗീയത പറഞ്ഞ് ഇതുവരെ ജയിച്ചിട്ടില്ല. തന്റേത് വര്‍ഗീയ രാഷ്ട്രീയമല്ല. സിപിഎം നേതാക്കളുടെ വാക്കുകള്‍ നരേന്ദ്രമോദിയുടെ പ്രസംഗത്തിന്റെ മലയാളം പരിഭാഷയാകരുത്. കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് വ്യാജമാണെങ്കില്‍ തിരുത്താന്‍ അവര്‍ തയ്യാറാകുമോ എന്നും അദ്ദേഹം ചോദിച്ചു.