കാശ്മീര്‍: തിരഞ്ഞെടുപ്പിന് രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെ 144 പ്രഖ്യാപിച്ചത് പുല്‍വാമയില്‍ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനെന്ന് പിഡിപി നേതാവ് മെഹബൂബ മുഫ്തി. നിരോധനാജ്ഞയുടെ പേരില്‍ തങ്ങളുടെ പാര്‍ട്ടി പ്രവര്‍ത്തകരെ പ്രാദേശിക ഭരണകൂടം തടഞ്ഞുവച്ചതായും മെഹബൂബ മുഫ്തി ആരോപിച്ചു.
മെയ് 13-ന് തിരഞ്ഞെടുപ്പ് നടക്കുന്ന പുല്‍വാമയില്‍ തന്റെ പാര്‍ട്ടി പ്രവര്‍ത്തകരെ ഉപദ്രവിക്കുകയും തടങ്കലില്‍ വയ്ക്കുകയും ചെയ്തുകൊണ്ട് അധികാരികള്‍ വോട്ടെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ ആരോപിച്ചു. 1987 ലെ തെരഞ്ഞെടുപ്പിന്റെ വിധി ആവര്‍ത്തിക്കാന്‍ പ്രാദേശിക ഭരണകൂടം ശ്രമിക്കുന്നുവെന്നും മുഫ്തി കുറ്റപ്പെടുത്തി.
തന്റെ പാര്‍ട്ടി പ്രവര്‍ത്തകരെ തടഞ്ഞുവച്ചതിന് പിന്നിലെ പ്രധാന ലക്ഷ്യം തന്റെ ലോക്സഭാ പ്രചാരണം അട്ടിമറിക്കലാണെന്നും മുഫ്തി ആരോപിക്കുന്നു. അതേസമയം, പുല്‍വാമയില്‍ സെക്ഷന്‍ 144 ചുമത്തുന്നത് ജില്ലയിലെ ക്രമസമാധാന പാലനം ലക്ഷ്യമിട്ടുള്ള ഒരു പതിവ് ഉത്തരവ് മാത്രമാണെന്ന് അധികൃതര്‍ പറഞ്ഞു.
നാഷണല്‍ കോണ്‍ഫറന്‍സിന്റെ മിയാന്‍ അല്‍ത്താഫിനും അപ്നി പാര്‍ട്ടിയുടെ സഫര്‍ ഇഖ്ബാല്‍ മാന്‍ഹാസിനും എതിരെ ശക്തമായ ത്രികോണ പോരാട്ടത്തില്‍ മുഫ്തി മത്സരിക്കുന്ന അനന്ത്‌നാഗ്-രജൗരി ലോക്‌സഭാ സീറ്റ് പുല്‍വാമയുടെ ഭാഗമാണ്.