തൃപ്പൂണിത്തുറ: കിടപ്പുരോഗിയായ പിതാവിനെ എരൂർ വടക്കേ വൈമീതിയിലെ വാടകവീട്ടിൽ ഉപേക്ഷിച്ചു മുങ്ങിയ മകനെതിരെ കേസെടുത്തു. അടിമാലി കൂട്ടക്കല്ലിൽ വീട്ടിൽ കെ.കെ. ഷൺമുഖനെ (72) തനിച്ചാക്കി വ്യാഴാഴ്ച വൈകിട്ടാണ് മകൻ അജിത്തും ഭാര്യയും രണ്ടു മക്കളും വീട്ടുസാമഗ്രികളെല്ലാം ലോറിയിൽ കയറ്റി സ്ഥലംവിട്ടത്. അയൽക്കാർ വെള്ളിയാഴ്ച രാത്രി ഷൺമുഖന് ഭക്ഷണം നൽകി. യൂറിൻ ബാഗ് മാറ്റിവച്ചു. ഇന്നും മകൻ എത്താതായതോടെ വീട്ടുടമ വെണ്ണല തിരുവാതിരയിൽ സുനിലിനെയും പൊലീസിനെയും അവർ വിവരമറിയിച്ചു. ഫോണിൽ ബന്ധപ്പെട്ടവരോട് വേളാങ്കണ്ണിയിലാണെന്നാണ് അജിത്ത് പറഞ്ഞത്.
കഴിഞ്ഞ ജൂലായിലാണ് ഷൺമുഖനും മകന്റെ കുടുംബവും ഇവിടെ താമസം തുടങ്ങിയത്. പാലിയേറ്റീവ് പ്രവർത്തകരുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ ഷൺമുഖനെ തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിലേക്കു മാറ്റി. അജിത്തിനെതിരെ നഗരസഭ വൈസ് ചെയർമാൻ കെ.കെ.പ്രദീപ് കുമാറിന്റെ മൊഴിയിലാണ് പൊലീസ് കേസെടുത്തത്. ഷണ്മുഖന്റെ രണ്ടു പെൺമക്കളും അനുജനും ആശുപത്രിയിലെത്തി. രാത്രി തന്നെ ഷണ്മുഖനെ അടിമാലിയിലെ അനുജന്റെ വീട്ടിലേക്കു കൊണ്ടുപോയി. പിന്നീട് തന്റെ തൃശൂരിലെ വീട്ടിലേക്കു കൊണ്ടുപോകുമെന്ന് മൂത്തമകൾ പറഞ്ഞു.
സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ അംഗം വി.കെ. ബീനാകുമാരി നിർദ്ദേശിച്ചു.