gold

തിരുവനന്തപുരം: വിദേശത്ത് നിന്നും കടത്താന്‍ ശ്രമിച്ച അരക്കോടിയിലധികം വിലവരുന്ന സ്വര്‍ണവുമായി ഒരാളെ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും എയര്‍കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം അധികൃതര്‍ പിടികൂടി. ശനിയാഴ്ച രാവിലെ ദൂബായില്‍ നിന്നും എത്തിയ എമിറേറ്റ്‌സ് വിമാനത്തിലെ യാത്രക്കാരനായ തമിഴ്‌നാട് കടയനെല്ലൂര്‍ സ്വദേശി അബ്ദുല്‍ഖാദറാണ് പിടിയിലായത്. 326.4ഗ്രാം തൂക്കം വരുന്ന സ്വര്‍ണം ക്യാപ്‌സൂള്‍ മാതൃകയിലാക്കി മലദ്വാരത്തിനുള്ളില്‍ ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്.

ഈ വിമാനത്തില്‍ സ്വര്‍ണം കടത്തുന്നെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എയര്‍കസ്റ്റംസ് ഇന്റലിജന്‍സ് അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. ശരീരത്തിനുള്ളില്‍ നിന്നും വൈദ്യസാഹയത്തോടെ പുറത്തെടുത്ത സ്വര്‍ണം വേര്‍തിരിച്ചെടുത്തു. പിടികൂടിയ സ്വര്‍ണത്തിന് വിപണിയില്‍ 23.43 ലക്ഷം രൂപ വിലവരും.

കഴിഞ്ഞ വ്യാഴാഴ്ച ഷാര്‍ജയില്‍ നിന്നും തിരുവനന്തപുരത്തെത്തിയ ഇന്‍ഡിഗോ വിമാനത്തില്‍ 401ഗ്രാമോളം തൂക്കംവരുന്ന സ്വര്‍ണം കട്ടിംഗ് ചെയിനുകളാക്കി സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. വിമാനം ലാന്‍ഡിംഗ് നടത്തി യാത്രക്കാര്‍പുറത്ത് ഇറങ്ങിയതിന് പിന്നാലെ വിമാനത്തിനുള്ളില്‍ ക്ലീനിംഗ് ജീവനക്കാര്‍ക്കൊപ്പം കസ്റ്റംസ് അധികൃതര്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്. ഇതിന് വിപണിയില്‍ 28.15ലക്ഷത്തോളം രൂപ വിലവരും.