ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന നാന്നൂറില്‍ അധികം ഭക്ഷ്യ ഉത്പന്നങ്ങള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ നിരോധനം ഏര്‍പ്പെടുത്തിയെന്ന് റിപ്പോര്‍ട്ടുകള്‍. 2019നും 2024നും ഇടയില്‍ ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യ ഉത്പന്നങ്ങളില്‍ ക്യാന്‍സറിന് കാരണമാകുന്ന എഥിലീന്‍ ഓക്സൈഡ് രാസവസ്തുക്കളുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിരോധനമെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഏകദേശം 527 ഉല്‍പന്നങ്ങളില്‍ ക്യാന്‍സറിന് കാരണമാകുന്ന എഥിലീന്‍ ഓക്സൈഡ് രാസവസ്തുക്കള്‍ കണ്ടെത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചിലതില്‍ മെര്‍ക്കുറി, കാഡ്മിയം തുടങ്ങിയ ലോഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കയറ്റി അയച്ച നീരാളിയിലും കണവയിലുമാണ് കാഡ്മിയം കണ്ടെത്തിയത്. വൃക്കകളുടെയും ഹൃദയ സംബന്ധമായ അസുഖങ്ങളുടെയും പ്രധാന കാരണമാണ് കാഡ്മിയം.
ഇന്ത്യയില്‍ നിന്നുള്ള 59 ഉത്പന്നങ്ങളില്‍ ക്യാന്‍സറിന് കാരണമാകുന്ന രാസവസ്തുവിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. മത്സ്യം മുതല്‍ അരി വരെ മായം കലര്‍ന്നിട്ടുണ്ടെന്നും അതിനാലാണ് നിരോധനം ഏര്‍പ്പെടുത്തിയതെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
അരി, സുഗന്ധവ്യഞ്ജനങ്ങള്‍, ഔഷധസസ്യങ്ങള്‍ എന്നിവയില്‍ ട്രൈസൈക്ലസോള്‍ കണ്ടെത്തിയിട്ടുണ്ട്. ഈ രാസവസ്തു യൂറോപ്യന്‍ യൂണിയന്‍ നിരോധിച്ചതാണ്. 52 ഉല്‍പ്പന്നങ്ങളില്‍ ഒന്നിലധികം കീടനാശിനികള്‍ കണ്ടെത്തിയപ്പോള്‍ ചിലതില്‍ അഞ്ചിലധികം കീടനാശിനികള്‍ കണ്ടെത്തി.
ഇരുപതോളം ഉല്‍പ്പന്നങ്ങളില്‍ ക്ലോറോഎഥനോള്‍ അടങ്ങിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ ഒക്രാടോക്സിന്‍ എ അടങ്ങിയിട്ടുണ്ട്, മുളക്, കാപ്പി, അരി എന്നിവയുള്‍പ്പെടെ 10 ഉല്‍പ്പന്നങ്ങളില്‍ ഇവ കണ്ടെത്തി.
നിലക്കടല, പരിപ്പ് എന്നിവയിലും അഫ്ലാറ്റോക്സിന്‍ എന്ന വിഷ കാര്‍സിനോജനും കരള്‍ തകരാറിനും ക്യാന്‍സറിനും കാരണമാകുന്ന മ്യൂട്ടജനും അടങ്ങിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മല്ലി പൊടിയില്‍ ക്ലോര്‍പൈറിഫോസ് അടങ്ങിയിട്ടുണ്ട്. ഇത് പ്രധാനമായും ഇലകളിലും മണ്ണിലും കാണുന്ന പ്രാണികളെ നിയന്ത്രിക്കാന്‍ ഉപയോഗിക്കുന്ന കീടനാശിനിയാണ്.