murder-case

തിരുവനന്തപുരം: കരമനയിൽ നടുറോഡിൽ അഖിൽ എന്ന യുവാവിനെ കല്ലുകൊണ്ടിടിച്ച് കൊന്ന സംഭവത്തിൽ മുഖ്യപ്രതികളിൽ ഒരാൾകൂടി പിടിയിൽ. അഖിൽ അപ്പു എന്നയാളാണ് പിടിയിലായത്. ഇയാളെ ചോദ്യംചെയ്യുകയാണ്. ഇയാൾ ഉൾപ്പെട്ട മൂന്നുപേരാണ് അഖിലിനെ ആക്രമിച്ച് കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്.

വിനീഷ് രാജ് എന്ന വിനീത്(25), കിരൺ കൃഷ്ണൻ(28) എന്നിവരാണ് അഖിലിനെ ആക്രമിച്ച മറ്റുരണ്ടുപേർ. ഇവരെല്ലാം 2019ലെ കരമന അനന്തു വധക്കേസിലെ പ്രതികളാണ്.ഗൂഢാലോചന നടത്തിയ ചിലരെ പൊലീസ് നേരത്തേ പിടികൂടിയിരുന്നു. കരുമം സ്വദേശി അനീഷിനെ തമിഴ്നാട്ടിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ബാലരാമപുരത്ത് നിന്നാണ് കരമന പൊലീസ് കസ്റ്റഡിയിലെടുത്തത്.പ്രതികൾ സഞ്ചരിച്ച കാർ അനീഷാണ് ഓടിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഇയാൾ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തിരുന്നില്ല. ഇവർ സഞ്ചരിച്ചിരുന്ന വെള്ളി നിറത്തിലുള്ള ഇന്നോവ കാറും പിടിച്ചെടുത്തിട്ടുണ്ട്. ഈ വാഹനം വിഴിഞ്ഞത്ത് നിന്ന് വാടകയ്ക്ക് എടുത്തതാണ്. അനീഷിനെ കൂടുതൽ ചോദ്യം ചെയ്ത് വരികയാണ്. ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.

അനീഷ് ഉൾപ്പെടെ നാലുപേരാണ് വാഹനത്തിലുണ്ടായിരുന്നതെന്നാണ് പ്രഥമിക നിഗമനം. പിടികൂടാനുള്ള പ്രതികൾ സംസ്ഥാനം വിട്ടിട്ടുണ്ടോയെന്ന സംശയവും പൊലീസിനുണ്ട്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇവർക്ക് പ്രാദേശിക തലത്തിയിൽ പലയിടങ്ങളിലും ബന്ധമുണ്ട്. തമിഴ്നാട്ടിൽ ഉൾപ്പെടെ ഇവർക്ക് ബന്ധമുണ്ടെന്നാണ് പൊലീസ് നിഗമനം.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച അനന്തു വധക്കേസിൽ കോടതിയിൽ ഹാജരായ ശേഷമാണ് ഇവർ അഖിലിനെ വധിക്കാൻ പദ്ധതിയിട്ടതെന്നാണ് അന്വേഷണസംഘം കണ്ടെത്തിയിട്ടുള്ളത്. കോടതിയിൽ നിന്ന് തിരിച്ച് കരമനയിലെത്തിയ പ്രതികൾ അഖിലിന്റെ സംഘത്തിലുള്ള മറ്റൊരാളെ ആക്രമിക്കാൻ പദ്ധതിയിടുകയായിരുന്നു. എന്നാൽ ആദ്യം കണ്ടത് അഖിലിനെയായിരുന്നു.

അനന്തു വധക്കേസിലെ മറ്റുപ്രതികളും ഗുഢാലോചനയിൽ പങ്കെടുത്തിരുന്നതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇതിൽ പലരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്. ലഹരി ഉപയോഗിച്ചാണ് പ്രതികൾ ആക്രമണത്തിനെത്തിയതെന്നാണ് പൊലീസ് പറയുന്നത്. കൂടുതൽപേർക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.ആക്രമണത്തിനെത്തിയ കാറിൽ കൂടുതൽ പേരുണ്ടായിരുന്നോ എന്നും പരിശോധിക്കുന്നുണ്ട്. കൊലപാതകം നടന്നതിന് സമീപത്തെ സി.സി ടിവി ദൃശ്യങ്ങളിൽ നിന്ന് മൂന്നുപേരുടെ ചിത്രങ്ങളാണ് പൊലീസിന് ലഭിച്ചത്.

പാർലമെന്റ് തിരഞ്ഞെടുപ്പ് ദിവസം പാപ്പനംകോട്ടെ ഒരു ബാറിലുണ്ടായ സംഘർഷത്തിന്റെ പ്രതികാരമായിരുന്നു കൊലപാതകം. അനന്തു കൊലക്കേസ് പ്രതികളിലെ മൂന്നുപേർക്ക് ബാറിലെ സംഘർഷത്തിൽ പരിക്കേറ്റിരുന്നു. അഖിൽ ഉൾപ്പെടെ എട്ടുപേരാണ് ഇവരെ മർദ്ദിച്ചതെന്നാണ് പൊലീസ് പറയുന്നത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. പ്രതികളെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച അഖിലിനെ കമ്പും കല്ലും ഉപയോഗിച്ച് ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രി 8.15ഓടെ അഖിൽ മരിക്കുകയായിരുന്നു.