തിരുവനന്തപുരം: സംസ്ഥാനത്തെ അരളിപ്പൂവ് വിൽപന എഴുപത് ശതമാനത്തോളം കുറഞ്ഞതായി റിപ്പോർട്ടുകൾ. തിരുവിതാംകൂർ, മലബാർ ദേവസ്വം ബോർഡുകൾ അർച്ചനയിലും പ്രസാദത്തിലും അരളിപ്പൂവ് നിരോധിച്ചതിന് പിന്നാലെയാണ് വിൽപനയിൽ വൻ ഇടിവ് സംഭവിച്ചത്.
വീടുകളിലെ ചടങ്ങുകൾക്കും ക്ഷേത്രത്തിലേക്ക് നൽകാനുമായി അരളി വാങ്ങുന്നതും ആളുകൾ നിർത്തിയതായി റിപ്പോർട്ടുകളുണ്ട്. കൊച്ചിയിലേക്ക് 200 കിലോ പൂവ് എത്തിച്ചിരുന്ന താൻ ഇപ്പോൾ വെറും 20 കിലോ മാത്രമാണ് നൽകുന്നതെന്ന് കോയമ്പത്തൂരിലെ ഒരു മൊത്ത വ്യാപാരി പറയുന്നു.
അരളിയുടെ പകരക്കാരനെയും മലയാളികൾ കണ്ടെത്തിക്കഴിഞ്ഞു. പനിനീർ റോസിനാണ് ഇപ്പോൾ ആവശ്യക്കാരേറിയിരിക്കുന്നത്. മുമ്പ് പലയിടത്തും അരളി വിറ്റിരുന്നതുപോലെ 200 ഗ്രാം പാക്കറ്റുകളിലാക്കിയാണ് ഇവ വിൽക്കുന്നത്. ആവശ്യക്കാരേറിയതോടെ പനിനീർ റോസും തെച്ചിയും അടക്കമുള്ളവയ്ക്ക് വില കൂടിയിട്ടുണ്ട്. മുമ്പ് 70 -120 രൂപയിൽ വിറ്റിരുന്ന പനിനീർ റോസിന് 200 രൂപവരെ ഉയർന്നിട്ടുണ്ട്.
അരളിപ്പൂവിന്റെ ഇതളുകൾ ഉള്ളിൽച്ചെന്നാണ് ഹരിപ്പാട് സ്വദേശിനിയായ സൂര്യാ സുരേന്ദ്രൻ മരിച്ചതെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെയാണ് തിരുവിതാംകൂർ, മലബാർ ദേവസ്വം ബോർഡുകൾ അർച്ചനയിലും പ്രസാദത്തിലും അരളിപ്പൂവ് നിരോധിച്ചത്.
സമൂഹത്തിന്റെ ആശങ്ക പരിഗണിച്ചാണ് തീരുമാനമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ചെയർമാൻ പി എസ് പ്രശാന്ത് വ്യക്തമാക്കിയിരുന്നു.അരളിച്ചെടിയുടെ ഇലയും തണ്ടും തിന്ന് പശുവും കിടാവും ചത്തിരുന്നു.