milk

കണ്ണൂർ: അങ്കണവാടിയിൽ നിന്ന് തിളച്ച പാൽ കുടിച്ച സംസാരശേഷിയില്ലാത്ത അഞ്ചുവയസുകാരന് ഗുരുതര പൊളളലേ​റ്റു. പിണറായി കോളോടിൽ പ്രവർത്തിക്കുന്ന അങ്കണവാടിയിൽ കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. കുട്ടിയെക്കൊണ്ട് തിളച്ച പാൽ കുടിപ്പിച്ച അങ്കണവാടി ഹെൽപ്പർ വി ഷീബയ്ക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.

കുഞ്ഞിന്റെ മുഖത്ത് ഗുരുതര പൊളളലേറ്റിട്ടും ആശുപത്രിയിൽ കൊണ്ടുപോകാൻ അങ്കണവാടി ജീവനക്കാർ തയ്യാറായിരുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം. സംഭവം നടന്ന് ഒരു മണിക്കൂർ കഴിഞ്ഞതിനുശേഷമാണ് കുട്ടിയുടെ മാതാവിനെ വിളിച്ച് ജീവനക്കാർ വിവരം പറഞ്ഞത്. കുട്ടിയുടെ കീഴ്‌താടിക്കും ചുണ്ടിനും ഗുരുതര പൊളളലേറ്റ നിലയിലാണ് മാതാവ് കണ്ടത്. തുടർന്ന് ഉടൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

boy

കുട്ടിക്ക് എന്താണ് കൊടുത്തതെന്ന് മാതാവ് ചോദിച്ചപ്പോൾ പാലാണ് നൽകിയതെന്ന് ജീവനക്കാർ മറുപടി പറഞ്ഞതായി പിതാവ് മാദ്ധ്യമങ്ങളോട് പറ‌ഞ്ഞു. എന്നാൽ പാലിന് നല്ല ചൂടുണ്ടായിരുന്നുവെന്ന് അങ്കണവാടിയിലെ മറ്റ് കുട്ടികളും അറിയിച്ചു. പാൽ കൊടുത്തതിന് ശേഷം കുട്ടികൾക്ക് കഴിക്കാനായി നിലക്കടല കൊടുത്തിരുന്നുവെന്നാണ് ഷീബ പൊലീസിനോട് പറഞ്ഞത്. പാൽ മാത്രമേ കുട്ടികൾക്ക് നൽകിയിരുന്നുളളൂവെന്നാണ് അങ്കണവാടിയിലെ അദ്ധ്യാപിക പറയുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.