allu-arjun

അമരാവതി: തിരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് നടൻ അല്ലു അർജുനും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ പാർട്ടി എംഎൽഎയ്ക്കുമെതിരെ കേസ്. ആന്ധ്രയിലെ നന്ദ്യാലയിൽ ചട്ടലംഘനം നടത്തിയതിനാണ് അല്ലുവിനും വൈ എസ് ആർ സി പി എംഎൽഎ രവി ചന്ദ്ര കിഷോർ റെഡ്ഡിക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെ എംഎൽഎയുടെ വസതിയിൽ വൻജനക്കൂട്ടത്തെവച്ച് പൊതുസമ്മേളനം നടത്തിയതിനാണ് കേസെടുത്തിരിക്കുന്നത്. ഇന്നലെയാണ് സമ്മേളനം നടന്നത്. പൊതുസമ്മേളനം നടത്താൻ മുൻകൂട്ടി അനുമതി നേടാതെ എംഎൽഎ നടനെ വസതിയിലേയ്ക്ക് ക്ഷണിക്കുകയായിരുന്നുവെന്നും എഫ് ഐ ആറിൽ പറയുന്നു. നാളെയാണ് ആന്ധ്രയിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടക്കുന്നത്.

നന്ദ്യാലയിലെ ഡെപ്യൂട്ടി തഹസീൽദാർ പി രാമചന്ദ്ര റാവുവാണ് ആണ് നടനും എംഎൽഎയ്ക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തത്. നന്ദ്യാല മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥനാണിത്.

അതേസമയം ഒരു രാഷ്ട്രീയ പാർട്ടിയെയും പിന്തുണക്കുന്നില്ലെന്നും സുഹൃത്തിനെ സഹായിക്കാനായി മാത്രം എത്തിയതാണെന്നുമാണ് പൊതുസമ്മേളനത്തിനുശേഷം അല്ലു അർജുൻ വ്യക്തമാക്കിയത്. 'ഞാൻ എന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് ഇവിടെ വന്നത്. സുഹൃത്തുക്കൾക്ക് എന്റെ സഹായം ആവശ്യമായി വന്നാൽ അവർ ഏത് മേഖലയിൽ പ്രവർത്തിക്കുന്നവരായാലും ഞാൻ അവരെ സഹായിക്കും. ഞാൻ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയെ പിന്തുണയ്ക്കുന്നതായി അതിനർത്ഥമില്ല'- നടൻ മാദ്ധ്യമപ്രവർത്തകരോട് വ്യക്തമാക്കി.