city

കൊച്ചി: ജലഗതാഗത വകുപ്പിന്റെ ആദ്യ സൗരോർജ ബോട്ടായ 'ഇന്ദ്ര"യിൽ ഉല്ലാസയാത്ര പോകാം. അവധി​ക്കാലത്ത് വൈപ്പിനും ഫോർട്ടുകൊച്ചി ബീച്ചും ചീനവലകളും ഡോൾഫിനുകളും കണ്ട് ഒരു അടി​പൊളി​ ആ‌ഡംബര യാത്ര. സ്വകാര്യ ബോട്ടുകളേക്കാൾ നൂറിരട്ടി സുരക്ഷിതവും നിരക്ക് കുറവുമാണ് ഇന്ദ്രയിലെ ആകർഷണം.

കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുള്ളവരും തൃശൂർ, പാലക്കാട് തുടങ്ങിയ ജില്ലകളിൽ നിന്നുള്ളവരുമാണ് കൂടുതലെത്തുന്നത്. യാത്രയിൽ ആവശ്യമുള്ളവ‌ർക്ക് കുടുംബശ്രീ ഭക്ഷണവുമൊരുക്കും. ഓരോ സ്ഥലത്തിന്റെ പ്രത്യേകതയും ചരിത്രം പറഞ്ഞ് ബോട്ടിൽ വിവരിക്കും. സ്വകാര്യ ബോട്ടുകളെക്കാൾ കുറഞ്ഞ നിരക്കാണ് എ.സിയിലുള്ള ആഢംബര യാത്രയ്ക്ക് ഈടാക്കുന്നത്.


ബോട്ട് മറൈൻഡ്രൈവ്, ബോൾഗാട്ടി പാലസ്, വല്ലാർപാടം കണ്ടെയ്‌നർ ടെർമിനൽ, വൈപ്പിൻ, കമാലക്കടവ്, ഫോർട്ട്‌കൊച്ചി, വില്ലിംഗ്ഡൺ ഐലൻഡ് എന്നിവിടങ്ങളിലൂടെ യാത്ര നടത്തും. വൈകിട്ട് സൂര്യാസ്തമയവും ഇളംകാറ്റും കൊച്ചിയിലെത്തുന്ന കപ്പലുകളും മത്സ്യബന്ധന ബോട്ടുകളുമെല്ലാം യാത്രയുടെ മാറ്റുകൂട്ടും. ഏറ്റവും ആകർഷണം കടൽപ്പരപ്പി​ൽ ചാടിമറിയുന്ന ഡോൾഫിനുകളാണ്. കുട്ടികളെ ഏറെ ആകർഷിക്കുന്നതും ഇതുതന്നെ. ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ജെട്ടിയിൽ നിന്നും വാങ്ങാം.

ഉല്ലാസ യാത്രകൾ കൂടാതെ പരിപാടികൾക്കും യോഗങ്ങൾക്കും ബോട്ട് ബുക്ക് ചെയ്യാം. മുൻകൂട്ടി അറിയിക്കണമെന്ന് മാത്രം. വിവിധ സ്ഥാപനങ്ങളും സംഘടനകളും യോഗം നടത്തിയിട്ടുണ്ട്. നേരത്തെ അറിയിക്കുന്ന പ്രകാരം ഭക്ഷണവും എത്തിക്കും.

തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങൾക്കിടയിൽ വലിയ ആഘോഷങ്ങളില്ലാതെയാണ് സ‌‌ർവീസ് ആരംഭിച്ചതെങ്കിലും വരുമാനത്തിൽ കുറവ് ഉണ്ടായിട്ടില്ല. ആദ്യത്തെ മാസത്തിൽ 5,10,000 രൂപ നേടി. അതും മറ്റ് ചെലവുകളില്ലാതെ. സോളാറിൽ പ്രവർത്തിക്കുന്നതിനാൽ വൈദ്യുതി ചെലവ് കുറവാണ്. എ.സിക്ക് മാത്രമായി ഡീസൽ വേണ്ടി വരും. ബുക്കിംഗിന്: 9400050351, 9400050350

പുറപ്പെടുന്ന സമയം

തുടക്കം : എറണാകുളം ബോട്ട് ജെട്ടി

രാവിലെ പത്ത് മണിക്ക്

വൈകിട്ട് നാല് മണിക്ക്