തിരുവനന്തപുരം: നഴ്സസ് വാരാഘോഷത്തിന്റെ സമാപനത്തോടനുബന്ധിച്ച് ഗവ.കണ്ണാശുപത്രിയിൽ നിന്ന് എ.കെ.ജി സെന്റർ വരെ ഘോഷയാത്ര സംഘടിപ്പിച്ചു. കേരള ഗവ. നഴ്സസ് ആൻഡ് പബ്ളിക് ഹെൽത്ത് നഴ്സസ് വെൽഫെയർ ഫണ്ടിന്റെ നേതൃത്വത്തിലാണ് ഒരാഴ്ചയായി വാരാഘോഷം നടത്തിയത്. എസ്.പി.മെഡ്ഫോർട്ട്, ബി.എൻ.വി സ്കൂൾ ഒഫ് നഴ്സിംഗ്, എസ്.പി ഫോർട്ട്, ശിവഗിരി സ്കൂൾ ഒഫ് നഴ്സിംഗ്, ജി.ജി സ്കൂൾ ഒഫ് നഴ്സിംഗ്, എം.സി.എച്ച്,സി.എസ്.ഐ കാരക്കോണം, കിംസ്,എസ്.എ.ടി,എസ്.യു.ടി സ്കൂൾ,നിംസ,സരസ്വതി കോളേജ് തുടങ്ങിയ സ്ഥാപനങ്ങളിലെ അറുനൂറോളം വിദ്യാർത്ഥികളും ജീവനക്കാരും ഘോഷയാത്രയിൽ പങ്കെടുത്തത്. ഒരാഴ്ചയായി നടന്നുവരുന്ന കലാ-കായിക-വിദ്യാഭ്യാസ മത്സരങ്ങളിൽ വിദ്യാർത്ഥികളുടെ വിഭാഗത്തിൽ സി.എസ്.ഐ കോളേജ് ഒഫ് നഴ്സിംഗ് കാരക്കോണം 148 പോയിന്റോടെ ഓവർറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. സരസ്വതി കോളേജ് ഒഫ് നഴ്സിംഗ് പാറശാലയും സി.എസ്.ഐ സ്കൂൾ ഒഫ് നഴ്സിംഗ് കാരക്കോണവും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ജീവനക്കാരുടെ വിഭാഗത്തിൽ കിംസ് ഹെൽത്ത് 160 പോയിന്റോടെ ഓവർറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. കാരക്കോണം സി.എസ്.ഐ മെഡിക്കൽ കോളേജും എസ്.എ.ടി ഹോസ്പിറ്റലും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. പാളയം എ.കെ.ജി ഹാളിൽ നടന്ന സമാപനസമ്മേളനം ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ.തോമസ് മാത്യു ഉദ്ഘാടനം ചെയ്തു. അഡിഷണൽ ഡയറക്ടർ ഒഫ് നഴ്സിംഗ് സർവീസസ് ഡോ.ബി.ബീന അദ്ധ്യക്ഷത വഹിച്ചു. ഡോ.സലീന ഷാ, എസ്.എസ്.ഹമീദ്, ഡോ.പി.എസ്.സോന, ജയശ്രീ പി.കുഞ്ഞച്ചൻ, ബി.ബീന, ടി.സുബ്രഹ്മണ്യൻ, എസ്.എം.അനസ്,കെ.സി.പ്രീതാ കൃഷ്ണൻ എന്നിവർ പങ്കെടുത്തു.