sugar

തീൻമേശയിലും അടുക്കളയിലുമൊക്കെ എത്തുന്ന ക്ഷണിക്കപ്പെടാത്ത അതിഥിയാണ് ഈച്ച. തുറന്നുവച്ച ആഹാരത്തിൽ ഇവ വന്നിരിക്കുകയും അതുവഴി കോളറ പോലുള്ള മാരക രോഗങ്ങൾ ഉണ്ടാകുകയും ചെയ്യുന്നു.

വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാത്തതാണ് ഈച്ച വീട്ടിലെത്തുന്നതിന്റെ പ്രധാന കാരണം. ഈച്ചയെ പടി കടത്താനുള്ള പല തരത്തിലുള്ള മരുന്നുകൾ ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്. വലിയ വില കൊടുത്ത് ഇത്തരം മരുന്നുകൾ വാങ്ങുന്നതിലും നല്ലത് അടുക്കളയിലുള്ള സാധനങ്ങൾ ഉപയോഗിച്ച് ഇവയെ തുരത്തുന്നതല്ലേ? അതിന് ചില സൂത്രങ്ങൾ ഉണ്ട്.

ഈച്ചക്കെണിയൊരുക്കുകയാണ് ഏറ്റവും നല്ല മാർഗം. ശർക്കരയും, വെള്ളവും അപ്പക്കാരവും ഉപയോഗിച്ച് ഈച്ചക്കെണിയൊരുക്കാം. 250 മില്ലി വെള്ളത്തിൽ ഒരു സ്പൂൺ അപ്പക്കാരം ചേർത്തുകൊടുക്കുക. പൊടിച്ചുവച്ച ശർക്കരയും ചേർക്കുക. ഈ മിശ്രിതം നന്നായി യോജിപ്പിക്കുക. ശേഷം സ്‌പ്രൈറ്റിന്റെയോ മറ്റോ കുപ്പിയെടുക്കുക. അതിലേക്ക് മിശ്രിതം ഒഴിച്ചുകൊടുക്കാം. വെള്ളത്തിന് തൊട്ടുമുകളിലായി വട്ടത്തിൽ സ്‌ക്രൂഡ്രൈവർ ഉപയോഗിച്ച് മൂന്ന് ചെറിയ ദ്വാരങ്ങളിട്ടുകൊടുക്കുക. ശേഷം കുപ്പിയുടെ അടപ്പ് ഇട്ട്. ഒരു ദിവസം മാറ്റിവയ്ക്കാം.
തൊട്ടടുത്ത ദിവസം ഈച്ച കൂടുതലുള്ള സ്ഥലത്ത് ഈ കുപ്പി വച്ചുകൊടുക്കുക. ഈ മിശ്രിതം ഈച്ചയെ ആകർഷിക്കും. അതുവഴി ദ്വാരങ്ങളിലൂടെ കുപ്പിക്കകത്ത് കടക്കുകയും, നിമിഷ നേരം കൊണ്ട് അതിനകത്ത് ചത്തുവീഴുന്നത് കാണാം.

ശർക്കരയ്ക്ക് പകരം പഞ്ചസാര ലായനി ഉപയോഗിച്ചും ഈച്ചക്കെണിയൊരുക്കാം. ഓറഞ്ചിന്റെ തൊലിയും ഈച്ചയെ തുരത്താൻ സഹായിക്കും. ഓറഞ്ച് തൊലിയിൽ ഗ്രാമ്പു കുത്തിവച്ച് ഈച്ചയുള്ള സ്ഥലങ്ങളിൽ വച്ചുകൊടുത്താൽ മതി.

തുളസിയാണ് മറ്റൊരു സൂത്രം.ഇതിന്റെ മണം ഈച്ചയ്ക്ക് ഇഷ്ടമല്ല. കുറച്ച് തുളസിയില പറിച്ച്, കൈകൊണ്ട് ചെറുതായൊന്ന് ഞെരുക്കുക. ശേഷം ഈച്ച വരുന്നയിടങ്ങളിൽ വച്ചുകൊടുക്കാം. അല്ലെങ്കിൽ ദിവസം രണ്ട് നേരം തുളസിട്ട് തിളപ്പിച്ച വെള്ളം തളിച്ചുകൊടുക്കുക. ഈച്ചയൊക്കെ അപ്രത്യക്ഷമാകുന്നത് കാണാം. ഒരു കാര്യം ശ്രദ്ധിക്കുക, വൃത്തിയാണ് ഏറ്റവും പ്രധാനം. വൃത്തിയില്ലെങ്കിൽ എന്തൊക്കെ സൂത്രങ്ങൾ ഉപയോഗിച്ചാലും ഈച്ച വീണ്ടും വരും.