
ന്യൂഡൽഹി: ബിഹാറിൽ ഇലക്ഷൻ പ്രചാരണത്തിനിടെ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ഹെലികോപ്ടർ പരിശോധിച്ച് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ. എൻ.ഡി.എ നേതാക്കളെ സ്വതന്ത്രസഞ്ചാരത്തിന് വിട്ടശേഷം പ്രതിപക്ഷ നേതാക്കളെ തിരഞ്ഞെടുപ്പ് കമ്മിഷൻ അകാരണമായി ഉന്നമിടുകയാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.
ബിഹാറിലെ സമസ്തിപുരിലെ പ്രചാരണത്തിനിടെയാണ് ഖാർഗെയുടെ ഹെലികോപ്ടറിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. പരിശോധനയ്ക്ക് ബിഹാർ ചീഫ് ഇലക്ടറൽ ഓഫീസർ നേരിട്ട് മേൽനോട്ടം വഹിക്കുന്നതിന്റെ വീഡിയോ ദൃശ്യം കോൺഗ്രസ് സംസ്ഥാന വക്താവ് രാജേഷ് റാത്തോർ എക്സിൽ പങ്കുവച്ചു. നേരത്തെ കേരളത്തിലെ പര്യടനത്തിനിടെ രാഹുൽ ഗാന്ധിയുടെ ഹെലികോപ്ടറും ഇലക്ഷൻ കമ്മിഷൻ പരിശോധിച്ചിരുന്നു.