ഉത്സവപറമ്പുകളിലും പള്ളിപ്പെരുന്നാളുകളിലും മറ്റ് ആഘോഷപരിപാടികളിലും വഴിയോരക്കച്ചവടക്കാരിൽ നിന്ന് നമ്മൾ സ്ഥിരമായി വാങ്ങിക്കഴിക്കുന്ന ഒന്നാണ് പൊരി. ഇതുകൂടാതെ ഭേൽപൂരി പോലുള്ള വടക്കേ ഇന്ത്യൻ വിഭവങ്ങളിലും പൊരി ഉപയോഗിക്കാറുണ്ട്. നാട്ടിൻപുറങ്ങളിലെ കടകളിൽ വളരെ വിലക്കുറവിൽ കിട്ടുന്നതിനാലും കൊച്ചുകുട്ടികളുടെ പ്രിയപ്പെട്ട കൊറിപലഹാരമായതിനാലും നാമിത് ധാരാളമായി വാങ്ങി നൽകാറുമുണ്ട്. കേരളത്തിലെ മിക്കവാറും കടകളിലും പൊരി എത്തുന്നത് മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമായിരിക്കും. ഇവ എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് കണ്ടിട്ടുണ്ടോ? ഒരു ഫാക്‌ടറിയിൽ വളരെ വൃത്തിഹീനമായ അന്തരീക്ഷത്തിൽ പൊരി തയ്യാറാക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്.
ധാന്യങ്ങൾ വെറും നിലത്തിട്ട് ചവിട്ടിക്കുഴയ്ക്കുകയും വെള്ളത്തിലിട്ട് ചവിട്ടിക്കുഴയ്ക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാം. മേൽവസ്ത്രമില്ലാതെ ചെറുപ്പക്കാർ പൊരിയുണ്ടാക്കുന്നതിന്റെ വിവിധ ജോലികൾ ചെയ്യുന്നതും കാണാം. വൃത്തിയില്ലാത്ത അന്തരീക്ഷത്തിൽ പൊരിയുണ്ടാക്കുന്നതിനെ വിമർശിച്ച് നിരവധി കമന്റുകളും വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്.