ഇടതൂർന്ന, പനങ്കുല പോലുള്ള മുടി ആഗ്രഹിക്കാത്തവരായി ആരാണുള്ളത്. എന്നാൽ മിക്കവരെയും അലട്ടുന്ന സൗന്ദര്യ പ്രശ്നമാണ് മുടി കൊഴിച്ചിൽ. മുടി കൊഴിച്ചിലകറ്റാൻ ഒരു വഴി തേടുന്നയാളാണോ നിങ്ങൾ? എങ്കിൽ റോസ്‌മേരിയാണ് നിങ്ങൾക്കുള്ള ഏറ്റവും നല്ല പ്രതിവിധി.
സോഷ്യൽ മീഡിയ നിറയെ ഇപ്പോൾ റോസ് മേരി വാട്ടറിനെപറ്റിയുള്ള ചർച്ചകളാണ്. നിരവധി പേരാണ് റോസ്മേരി വാട്ടറിന്റെ ഗുണങ്ങൾ പറഞ്ഞുകൊണ്ട് രംഗത്തെത്തുന്നത്. പല കമ്പനികളും ഇത് പുറത്തിറക്കുന്നുമുണ്ട്. പലതിനും 500 രൂപയൊക്കെയാണ് വില.
എന്നാൽ റോസ്‌മേരി വാട്ടർ കുറഞ്ഞ ചെലവിൽ നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാൻ സാധിക്കും. റോസ്‌മേരിയാണ് ഇതിനുവേണ്ടത്. മിക്ക ആയൂർവേദ കടകളിലൊക്കെ ഇത് ലഭ്യമാണ്. ഡ്രൈഡ് റോസ്‌മേരിയും കിട്ടും.
റോസ്‌മേരി വാട്ടർ തയ്യാറാക്കുന്ന വിധം
രണ്ട് കപ്പ് വെള്ളത്തിൽ റോസ്‌മേരി ഇട്ട് നന്നായി തിളപ്പിക്കുക. ശേഷം തീ കുറച്ചുവച്ച് പതിനഞ്ച് മിനിട്ട് വയ്ക്കുക. ഇനി അടുപ്പിൽ നിന്ന് മാറ്റാം. ചൂടാറിയ ശേഷം ഒരു സ്‌പ്രേ ബോട്ടിലിലാക്കാം.ശേഷം ഫ്രിഡ്ജിലേക്ക് മാറ്റാം. ഇരുപത് ദിവസത്തോളം ഇത് ഉപയോഗിക്കാം. തീർന്നുകഴിഞ്ഞാൽ വീണ്ടും ഇതേപോലെ തയ്യാറാക്കാം
ഇത് രാവിലെയും രാത്രിയും തലയോട്ടിയിൽ പലയിടങ്ങളിലായി സ്‌പ്രേ ചെയ്ത് മസാജ് ചെയ്തുകൊടുക്കാം. സാധാരണ ഗതിയിൽ ചുരുങ്ങിയ നാളുകൾക്കുള്ളിൽ തന്നെ മുടി കൊഴിച്ചിൽ മാറി, ബേബി ഹെയറുകൾ വന്നുതുടങ്ങും. താരനെ അകറ്റാനും ഇത് സഹായിക്കും.
ഇതുപയോഗിച്ച് രണ്ടാഴ്ചയ്‌ക്ക് ശേഷവും മുടികൊഴിച്ചിലിന് കുറവൊന്നുമില്ലെങ്കിൽ ഒരു ഡോക്‌ടറെ കാണാൻ മടിക്കരുത്. തൈറോയ്‌ഡ് അടക്കമുള്ള നിരവധി കാരണങ്ങൾ കൊണ്ടും മുടി കൊഴിയാമെന്ന് ഓർക്കണം.