മുംബയ്: കുരുമുളകും അടക്കയും മോഷ്ടിച്ച മൂന്നംഗ സംഘം പിടിയിൽ. 16 കോടി വിലമതിക്കുന്ന കുരുമുളകും അടക്കയുമാണ് ഇവർ മോഷ്ടിച്ചത്. സഞ്ജയ് സാബ്‌ലെ, ആൽവിൻ സൽദാന, പ്രസാദ് കുർഹാഡെ എന്നിവരാണ് അറസ്റ്റിലായത്. നവി മുംബയിൽ വച്ച് പൻവേൽ പൊലീസാണ് ഇവരെ പിടികൂടിയത്.
നവി മുംബയിലെ കസ്റ്റംസ് വെയർ ഹൗസിലായിരുന്നു മോഷണം.മോഷണത്തിന് പിന്നിൽ വൻ കവർച്ചാ സംഘമുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.കഴിഞ്ഞ രണ്ട് വർഷങ്ങളിലായി പലപ്പോഴായിട്ടാണ് മോഷണം നടന്നിട്ടുള്ളത്. കസ്റ്റംസ് തീരുവ അടക്കാതെ ഇറക്കുമതി ചെയ്ത സാധനങ്ങൾ കൈവശപ്പെടുത്താനായിരുന്നു പ്രതികളുടെ ശ്രമം. വൻമോഷണ സംഘത്തിലെ അവശേഷിക്കുന്നവരെ അടിയന്തരമായി കണ്ടെത്താനുളള അന്വേഷണത്തിലാണ് പൊലീസ്.
ആൽഫ ഇൻഡസ്ട്രീസ്, ഹൈലാൻഡ് ഇന്റർനാഷണൽ കമ്പനി, ഫ്യൂച്ചർ ഫാസ്റ്റ് ഇന്റർനാഷണൽ എന്നീ കമ്പനികളുടെ ഉൽപ്പന്നങ്ങളാണ് മോഷ്ടിക്കാനായി പ്രതികൾ ശ്രമിച്ചത്. കമ്പനി ഉടമകളെ കണ്ടെത്താൻ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല.