കൊൽക്കത്ത: സന്ദേശ്ഖാലി വിഷയത്തിൽ തൃണമൂൽ കോൺഗ്രസിനെയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെയും വീണ്ടും കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സന്ദേശ്‌ഖാലിയിലെ സ്ത്രീകൾ ഗുണ്ടാ ഭീഷണിയിലാണെന്നും കുറ്റക്കാരെ രക്ഷിക്കാൻവേണ്ടതെല്ലാം തൃണമൂൽ സർക്കാർ ചെയ്യുന്നുണ്ടെന്നും മോദി ആരോപിച്ചു.
സന്ദേശ്ഖാലിയിലെ അമ്മമാരോടും സഹോദരിമാരോടും തൃണമൂൽ കോൺഗ്രസ് എന്താണ് ചെയ്തതെന്ന് നമുക്കെല്ലാം അറിയാം. തൃണമൂൽ ഗുണ്ടകൾ സ്ത്രീകളെ ഭീഷണിപ്പെടുത്തുകയാണ് ഇപ്പോൾ. കുറ്റവാളികളെ സംരക്ഷിക്കാൻ ആവുന്നതെല്ലാം തൃണമൂൽ കോൺഗ്രസ് ചെയ്യുന്നെന്നും ബാരക്പുരിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോദി പറഞ്ഞു.
മറുപടിയുമായി മമത
പശ്ചിമ ബംഗാൾ ഗവർണർ ആനന്ദ് ബോസിനെതിരായ മാനഭംഗ ആരോപണത്തിൽ കേന്ദ്ര സർക്കാരിന്റെ നിഷ്ക്രിയത്വത്തെ വിമർശിച്ചാണ് മോദിയുടെ ആരോപണങ്ങൾക്ക് മമതതിരിച്ചടിച്ചത്. ഒരു രാത്രി രാജ്ഭവനിൽ തങ്ങിയ മോദി ഗവർണറോട് രാജി ആവശ്യപ്പെടാത്തതെന്തെന്ന് മമത ചോദിച്ചു. ബി.ജെ.പിയുടെ സ്ത്രീവിരുദ്ധതയാണ് ഇത് വ്യക്തമാക്കുന്നത്. സന്ദേശ്ഖാലി വിഷയത്തിൽ പ്രധാനമന്ത്രി കള്ളങ്ങൾ പ്രചരിപ്പിക്കുന്നത് തുടരുകയാണെന്നും ബി.ജെ.പിയുടെ ഗൂഢാലോചന ഇതിനകം വെളിപ്പെട്ടതാണെന്നും മമത കൂട്ടിച്ചേർത്തു.