കാസർകോട്: 80കാരിയുടെ കണ്ണിൽ മുളക് പൊടി വിതറി സ്വർണ്ണാഭരണങ്ങൾ കവരാൻ ശ്രമം. ഉപ്പള മൂസോടി കണങ്കളം പാടിയിലെ ആയിഷാബിയെയാണ് ആക്രമിച്ചത്. ഇന്നലെ ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. ആയിഷാബി പശുക്കളെ വളർത്തുന്നുണ്ട്. പശുകൾക്ക് വെള്ളം കൊടുക്കുന്നതിനിടെ പർദ്ദ ധരിച്ചെത്തിയ ആൾ ഒരു പശുവും പശുക്കുട്ടിയും ഇവിടെ വന്നിട്ടുണ്ടോ എന്ന് ചോദിക്കുകയും ആയിഷാബി ഇല്ലെന്ന് പറഞ്ഞപ്പോൾ പരിസരം നിരീക്ഷിച്ച ആൾ ആയിഷാബിയുടെ കണ്ണുകളിലേക്ക് മുളക് പൊടി വിതറുകയും തല താഴ്ത്തി പിടിച്ച് കഴുത്തിലും കാതിലുമുണ്ടായിരുന്ന സ്വർണ്ണാഭരണങ്ങൾ കവരാൻ ശ്രമം നടത്തുകയുമായിരുന്നു. അതിനിടെ ആയിഷാബി ബഹളം വച്ചപ്പോൾ പരിസരവാസികൾ എത്തുന്നതിനിടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. ആയിഷാബി ചികിത്സ തേടിയിട്ടുണ്ട്. മഞ്ചേശ്വരം പൊലീസ് കേസെടുത്തു അന്വേഷിച്ചുവരികയാണ്.