പരപ്പനങ്ങാടി : ഓട്ടോയിൽ വിൽപ്പനയ്ക്കായി കൊണ്ടുപോയ എം.ഡി.എം.എയുമായി മൂന്നുപേരെ ചെട്ടിപ്പടി റെയിൽവേ ഗേറ്റിന് സമീപത്തു വച്ച് പരപ്പനങ്ങാടി പൊലീസ് പിടികൂടി. ചെട്ടിപ്പടി കോയങ്കുളം സ്വദേശി പാല വളപ്പിൽ അലിയാസ് (35), കുഞ്ഞിന്റെ പുരക്കൽ ജുനൈദ് (34), ആലുങ്ങൽ ബീച്ച് കുഞ്ഞിപീടിയേക്കൽ ഫൈസൽ (27) എന്നിവരെയാണ് പിടികൂടിയത്. ഇവരിൽ നിന്ന് 4.10 ഗ്രാം എം.ഡി.എം.എയും 10,500 രൂപയും ഓട്ടോറിക്ഷയും പിടികൂടി.
താനൂർ ഡിവൈ.എസ്.പി വി.വി. ബെന്നിയുടെ നിർദ്ദേശത്തെ തുടർന്ന് പരപ്പനങ്ങാടി സി.ഐ കെ. ഹരീഷിന്റെ നേതൃത്വത്തിൽ എസ്.ഐ.മാരായ അരുൺ, ജയദേവൻ, രാജു, എസ്.സി.പി.ഒ രാമചന്ദ്രൻ, സിവിൽ പൊലീസ് ഓഫീസർമാരായ മുജീബ് റഹ്മാൻ, ദിലീപ്, അഭിലാഷ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.പരപ്പനങ്ങാടി കോടതി പ്രതികളെ റിമാൻഡ് ചെയ്തു.