d

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ മുന്നണിയായ ഇന്ത്യ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകുമോ എന്ന ചോദ്യത്തിന് മറുപടിയുമായി ആംആദ്‌മി പാർട്ടി നേതാവ് അരവിന്ദ് കേജ്‌രിവാൾ. പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കാൻ ഇല്ലെന്ന് കേജ്‌രിവാൾ പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എ.എ,​പി വിജയിച്ചാൽ നടപ്പാക്കാൻ പോകുന്ന പത്ത് വാഗ്‌ദാനങ്ങളെക്കുറിച്ച് സഖ്യകക്ഷികളുമായി ചർച്ച നടത്താത്തതിൽ കേജ്‌രിവാൾ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. അതേസമയം സ്കൂളുകളും ആശുപത്രികളും തുറക്കുമെന്ന തന്റെ പ്രഖ്യാപനത്തിനോട് ഇന്ത്യ സഖ്യത്തിലെ ഒരു കക്ഷിയും എതിർപ്പ് കാണിക്കില്ലെന്നാണ് വിശ്വാസമെന്നും കേജ്‌രിവാൾ കൂട്ടിച്ചേർത്തു.

എ.എ.പി എം.എൽ.എമാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ എ.എ.പി നടപ്പാക്കാൻ പോകുന്ന പത്ത് വാഗ്ദാനങ്ങളും കേജ്‌രിവാൾ പ്രഖ്യാപിച്ചിരുന്നു. പ്രതിപക്ഷം അധികാരത്തിൽ വന്നാൽ ഇവ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുമെന്നും ഡൽഹി മുഖ്യമന്ത്രി പറഞ്ഞു.

മോദിയുടെ ഉറപ്പുകൾ വിശ്വസിക്കണോ അതോ കേജ്‌രിവാളിന്റെ ഉറപ്പുകൾ വിശ്വസിക്കണോ എന്ന ജനങ്ങൾ തീരുമാനിക്കണമെന്ന് അദ്ദേഹം പറഞ്ഞു. മുമ്പ് പ്രഖ്യാപിച്ച എല്ലാ വാഗ്ദാനങ്ങളും ഞങ്ങൾ നിറവേറ്റിയിട്ടുണ്ട്. മോദി അടുത്ത വർഷം വിരമിക്കും. അതിന് ശേഷം അദ്ദേഹത്തിന്റെ ഉറപ്പുകൾ ആരാണ് പാലിക്കുന്നത് എന്നതിനെക്കുറിച്ച് വ്യക്തതയില്ല. എന്നാൽ കേജ്‌രിവാൾ ഇവിടെ തുടരും. അതിനാൽ കേജ്രിവാളിന്റെ ഉറപ്പുകൾ നിറവേറ്റുന്നുവെന്ന് ഞാൻ ഉറപ്പാക്കും. അദ്ദേഹം വ്യക്തമാക്കി,​

സൗജന്യ വൈദ്യുതി വിതരണം,​ മികച്ച വിദ്യാഭ്യാസം,​ മികച്ച ചികിത്സാ സൗകര്യങ്ങൾ തുടങ്ങിയവയടക്കം പത്ത് വാഗ്ദാനങ്ങളാണ് കേജ്‌രിവാൾ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പറഞ്ഞത്. പഞ്ചാബിലും ഡൽഹിയിലും സൗജന്യ വൈദ്യുതി വിതരണം ഉറപ്പാക്കി. രാജ്യത്തുടനീളം ഞങ്ങൾക്ക് ഇത് നടപ്പാക്കാൻ കഴിയും. സർക്കാർ സ്കൂളുകൾ മോശമായ അവസ്ഥയിലാണ്. നിലവാരമുള്ള വിദ്യാഭ്യാസം ഞങ്ങൾ ഉറപ്പാക്കും. അത് എങ്ങനെ ചെയ്യണമെന്ന് ഞങ്ങൾക്കറിയാമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.