കോഴിക്കോട്: കോടഞ്ചേരിയിൽ ആശുപത്രിയിൽ ഡോക്ടറെ മർദിച്ച ആൾക്കെതിരെ കേസെടുത്ത് പൊലീസ്. കോടഞ്ചേരി സ്വദേശി റംജുവിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. കോടഞ്ചേരിയിലെ ഹോളിക്രോസ് ആശുപത്രിയിലെ ഡോക്‌ടർ സുസ്‌മിതിനാണ് മർദനമേറ്റത്. ഇന്നലെ അർദ്ധരാത്രി പന്ത്രണ്ട് മണിക്കായിരുന്നു സംഭവം. ഡോക്ടറെ മർദിക്കുന്നതിനൊപ്പം അസഭ്യം പറയുകയും ചെയ്തുവെന്ന് പരാതിയിൽ ഉണ്ട്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. രോഗി ഡോക്ടറെ അസഭ്യം പറയുന്നതും പിന്നീട് കയ്യേറ്റം ചെയ്യുന്നതും വീഡിയോയിൽ കാണാം.
വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിലെത്തിയ രോഗിയാണ് അതിക്രമം കാണിച്ചത്. പ്രതി അമിതമായി മദ്യപിച്ചിരുന്നുവെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. തനിക്ക് മതിയായ ചികിത്സ കിട്ടിയില്ലെന്നാരോപിച്ചായിരുന്നു പരാക്രമം. മറ്റൊരു വനിതാ ഡോക്ടറോടും രോഗി മോശമായി പെരുമാറിയതായി റിപ്പോർട്ടുകളുണ്ട്. ആശുപത്രിയിൽ ബഹളം വച്ചതോടെ സെക്യൂരിറ്റിയും ജീവനക്കാരും ചേർന്ന് ഇയാളെ പുറത്താക്കി. എന്നാൽ പുറത്ത് കാത്തിരുന്ന ഇയാൾ, കല്ലെടുത്ത് ഡോക്ടറുടെ തലയ്‌ക്കടിക്കാൻ ശ്രമിക്കുകയായിരുന്നു. ഡോക്‌ടർ ഇയാളെ തള്ളിമാറ്റി രക്ഷപ്പെടുകയായിരുന്നു.
'കല്ലെടുത്ത് തലയ്ക്ക് അടിക്കാൻ നോക്കിയപ്പോഴാണ് സ്വയരക്ഷാർത്ഥം പിടിച്ചുതള്ളിയത്. കുടുംബത്തെ കത്തിച്ചുകളയുമെന്ന് വരെ ഭീഷണിപ്പെടുത്തി. നിയമനടപടിയുമായി മുന്നോട്ടുപോകും,'- ഡോക്ടർ സുസ്‌മിത് ഒരു മാദ്ധ്യമത്തോട് പറഞ്ഞു.