s

ന്യൂഡൽഹി: കിഴക്കൻ ലഡാക്ക് സൈനിക തർക്കം അഞ്ചാം വർഷത്തിലേക്ക് കടന്നിരിക്കെ ചൈനയുമായുള്ള നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ.ദേശീയ വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സാധാരണ ഉഭയകക്ഷി ബന്ധത്തിലേക്കുള്ള തിരിച്ചുവരവ് അതിർത്തിയിലെ സമാധാനം അടിസ്ഥാനമാക്കിയാണ്. മറ്റ് പ്രശ്നങ്ങൾക്കും പരിഹാരം കാണാനാകുമെന്ന് പ്രതീക്ഷിക്കുന്നു.​ അതിൽ പ്രധാനം പട്രോളിംഗ് അവകാശങ്ങളുമായി ബന്ധപ്പെട്ടുള്ള പ്രശ്നമാണ്. അയൽക്കാർ എന്ന നിലയിൽ എല്ലാ രാജ്യങ്ങളുമായി നല്ല ബന്ധമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ആഗ്രഹിക്കുന്നത്. എന്നാൽ ഇന്ന് ചൈനയുമായുള്ള നമ്മുടെ ബന്ധം സാധാരണ നിലയിലല്ല, കാരണം അതിർത്തി പ്രദേശങ്ങളിലെ സമാധാനം തകർന്നിരിക്കുന്നു. നിലവിലെ സാഹചര്യം സ്വന്തം താത്പര്യത്തിന് നിരക്കുന്നതല്ലെന്ന് ചൈനീസ് പക്ഷം തിരിച്ചറിയണമെന്റനും ജയശങ്കർ പറഞ്ഞു. അതിർത്തിയിലെ സ്ഥിതിഗതികൾ അടിയന്തരമായി പരിഹരിക്കേണ്ടതുണ്ടെന്നും ഇന്ത്യയും ചൈനയും തമ്മിലുള്ള സുസ്ഥിരവും സമാധാനപരവുമായ ബന്ധം ലോകത്തിന് തന്നെ പ്രധാനമാണെന്നും മോദി പറഞ്ഞിരുന്നു.