election

ലക്‌നൗ:സോണിയ ഗാന്ധി എം.പി ഫണ്ടിന്റെ 70 ശതമാനത്തിലേറെയും ചെലവഴിച്ചത് ന്യൂനപക്ഷങ്ങൾക്ക് വേണ്ടിയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. സോണിയ ഗാന്ധിക്ക് പകരം രാഹുൽ ഗാന്ധി ജനവിധി തേടുന്ന റായ്ബറേലിയിൽ ബി.ജെ.പി തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇവിടെ 20ന് അഞ്ചാംഘട്ടത്തിലാണ് വോട്ടെടുപ്പ്.

ഗാന്ധി കുടുംബം കള്ളം പറയുന്നതിൽ വിദഗ്ദ്ധരാണെന്നും അമിത് ഷാ ആരോപിച്ചു. എല്ലാ സ്ത്രീകൾക്കും ഒരു ലക്ഷം രൂപ വീതം നൽകുമെന്നാണ് അവരുടെ വാഗ്ദാനം. തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പിൽ എല്ലാ സ്ത്രീകൾക്കും 15,000 രൂപ നൽകുമെന്നാണ് അവർ പറഞ്ഞത്. കോൺഗ്രസിനെ തെരഞ്ഞെടുത്ത അവിടത്തെ സ്ത്രീകൾക്ക് 15,000 രൂപ പോയിട്ട് 1,500 രൂപ പോലും നൽകിയില്ലെന്നും ഷാ ആരോപിച്ചു.

പ്രതാപ്ഗഢിലും ബി.ജെ.പി റാലിയിൽ ഷാ പങ്കെടുത്തു. പാകിസ്ഥാന്റെ അണുബോംബ് കണ്ട് രാഹുൽ ഗാന്ധിക്ക് പേടിക്കാം. ബി.ജെ.പി പേടിക്കില്ല, പാക് അധിനിവേശ കാശ്മീർ ഇന്ത്യയുടേതാണ്. തങ്ങൾ അത് ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാന്റെ കൈവശം അണുബോംബ് ഉണ്ടെന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യരുടെ പരാമർശം സൂചിപ്പിച്ചായിരുന്നു ഷായുടെ പ്രതികരണം.