പത്തനംതിട്ട: ആറന്മുള സ്വദേശിയായ യുവതിക്ക് യുഎസ് ഷിപ്പിംഗ് കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ പ്രതി പിടിയിൽ. മഹാരാഷ്ട്ര നല്ലസോപ്പാറ സ്വദേശി രമേശ് നവരങ്ക് യാദവിനെയാണ് കൊല്ലം ക്രെെം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. യുവതിയെ പ്രലോഭിപ്പിച്ച് പല ബാങ്ക് അക്കൗണ്ടുകൾ വഴി പണം തട്ടിയ കേസിലെ മുഖ്യപ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.
ജോലി ആവശ്യത്തിനായ യുവതി Nowkari com എന്ന വെബ്‌സെെറ്റിൽ രജിസ്റ്റർ ചെയ്തിരുന്നു. ഇതിന് പിന്നാലെ പല നമ്പറുകളിൽ നിന്നായി യു എസ് ഷിപ്പിംഗ് കമ്പനിയിൽ ജോലി തരപ്പെടുത്താം എന്ന് അറിയിച്ച് ഫോൺ കോൾ വരുകയായിരുന്നു. അവർ പറഞ്ഞ പ്രകാരമുള്ള അക്കൗണ്ടുകളിലേക്ക് പരാതിക്കാരി പണം അയച്ചു കൊടുക്കുകയും ചെയ്തു. എന്നാൽ ഷിപ്പിംഗ് കമ്പനിയിൽ ജോലി നൽകാതെ കബളിപ്പിച്ചതോടെ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മുംബയിൽ പണം തട്ടിയ കേസിലെ മുഖ്യപ്രതി രമേഷ് ഉണ്ടെന്ന് വിവരം ലഭിച്ചത്. പിന്നാലെ അന്വേഷണസംഘം തലവനായ കൊല്ലം ക്രെെം ബ്രാഞ്ച് പൊലീസ് സൂപ്രണ്ട് എൻ രാജന്റെ നിർദേശ പ്രകാരം ക്രെെം ബ്രാഞ്ച് കൊല്ലം ഡിറ്റക്ടീവ് ഇൻസ്പെക്ടർ സനൂജിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ അൽത്താഫ്, ബിനും സി എസ്, സിവിൽ പൊലീസ് ഓഫീസർ ഷെെജു എന്നിവർ മുംബയിലെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളെ കേരളത്തിൽ എത്തിച്ച് പത്തനംതിട്ട കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിൽ കൂടുതൽ പ്രതികൾ ഉണ്ടോയെന്നതടക്കം അന്വേഷിച്ച് വരികയാണ്.