trivandrum-collector

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ കളക്ടറുടെ അധികാര ദുർവിനിയോഗത്തിന് എതിരെ ചാനൽ ചർച്ചയിൽ പ്രതികരിച്ചതിന്റെ പേരിൽ അദ്ധ്യാപക സർവ്വീസ് സംഘടന സമര സമിതി ജനറൽ കൺവീനറും, ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറിയുമായ ജയചന്ദ്രൻ കല്ലിങ്ങലിന് എതിരായ പ്രതികാര നടപടികൾ പ്രതിക്ഷേധാർഹവും, അപലപനീയവും ആണെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറിയേറ്റ് അറിയിച്ചു.

ഒരു ജനാധിപത്യവ്യവസ്ഥിതിയിൽ സർക്കാരുകളും, ബ്യൂറോക്രസിയും, മാദ്ധ്യമങ്ങളും എല്ലാം വിമർശനങ്ങൾക്ക് വിധേയമാണെന്നിരിക്കെ ഉന്നത ഉദ്യോഗസ്ഥരുടെ തെറ്റായ നടപടികളെ മാദ്ധ്യമങ്ങളിലൂടെ പൊതു സമൂഹത്തിൻ്റെ മുന്നിൽ അവതരിപ്പിച്ചതിന്റെ പേരിൽ സർവ്വീസ് ചട്ടങ്ങളിലെ പഴുതുകൾ കണ്ടെത്തിവൈര്യനിര്യാതന ബുദ്ധിയോടെ പ്രവർത്തിക്കുന്നവരുടെ ചട്ടലംഘനങ്ങളുംവിമർശന വിധേയമാക്കണം.

ഏകപക്ഷീയമായ ഇത്തരം നടപടികൾ കൊണ്ട് ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കുന്ന സർക്കാർഅംഗീകൃത സർവ്വീസ് സംഘടനകളേയും അതിന്റെ നേതാക്കൻമാരേയും നിശബ്ദരാക്കാൻ കഴിയില്ല. ഒരു ജനായത്ത സർക്കാരിനും ഭൂഷണമല്ലാത്ത ഈ നടപടി നിരുപാധികം പിൻവലിച്ചില്ലെങ്കിൽ ജയചന്ദ്രൻ കല്ലിങ്ങല്ലിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് ഇതര സംഘടനകളുമായി ചേർന്ന് പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്ന് തൃശൂരിൽ വച്ച് നടന്ന കെ. ജി. ഒ. എഫ് . സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു.

സംസ്ഥാന പ്രസിഡന്റ് ഡോ. ജെ. ഹരികുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ഡോ. വി. എം. ഹാരിസ് റിപ്പോർട്ട് അവതരിപ്പിച്ചു . സംസ്ഥാന ട്രഷറർ എം.എസ്. വിമൽകുമാർ, നൗഫൽ ഇ.വി, വിക്രാന്ത്. വി, കെ.ബി. ബിജു കുട്ടി , കെ.എസ്. സജികുമാർ , വി.എം. പ്രദീപ് , എം. ജി. പ്രദീപ്, അനിൽകുമാർ എസ്, സോയ കെ.എൽ, പ്രിയ. പി , വിവേക്. കെ, പി. വിജയകുമാർ , ഗിരീഷ്, യു, ഹാബി സി, കെ, ഇ. ചന്ദ്രബാബു, കെ.ആർ. ബിനു പ്രശാന്ത് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.