
തൃശൂർ/ ചാലക്കുടി: കെ.എസ്.ആർ.ടി.സി ബസിന്റെ സ്റ്റിയറിംഗ് കേടായതിനെ തുടർന്ന് പുലിയും കാട്ടാനയുമടക്കം വന്യമൃഗങ്ങളിറങ്ങുന്ന മലക്കപ്പാറയിലെ വനപാതയിൽ രാത്രി മലയാളി വിനോദ സഞ്ചാരികളടക്കം കുടുങ്ങിയത് അഞ്ച് മണിക്കൂർ. സ്ത്രീകളും കുട്ടികളുമടക്കം 35 യാത്രക്കാരാണ് ഭയന്നുവിറച്ച് സമയം തള്ളിനീക്കിയത്. അതിനിടെ ചാറ്റൽ മഴ പെയ്തത് ആശങ്കകൂട്ടി. ഭക്ഷണം കിട്ടാതെ കുട്ടികളടക്കം അവശരായി.
ശനിയാഴ്ച വൈകിട്ട് 5.15ന് തമിഴ്നാട് അതിർത്തിയിലെ ടൂറിസ്റ്റ് കേന്ദ്രമായ മലക്കപ്പാറയിൽ നിന്നും ചാലക്കുടിയിലേക്ക് തിരികെ പുറപ്പെട്ട ബസാണ് ആറുമണിയോടെ പത്തടിപ്പാലത്ത് വച്ച് കേടായത്. ചാലക്കുടിയിൽ നിന്ന് പകരം ബസ് എത്തിച്ചപ്പോൾ 11 മണിയായി. ചാലക്കുടിയിൽ എത്തിയപ്പോൾ ഞായറാഴ്ച പുലർച്ചെ രണ്ടുമണി കഴിഞ്ഞു. സ്റ്റിയറിംഗിന് നേരത്തെയും തകരാറ് സംഭവിച്ച ബസ് ഓടിച്ചതാണ് വഴിയിൽ കിടക്കാൻ കാരണമെന്ന് യാത്രക്കാർ ആരോപിച്ചു.
കൊക്കയും നിരവധി വളവുകളുമുള്ള ഭാഗത്തു വച്ചാണ് ബസിന്റെ നിയന്ത്രണം വിട്ടതെങ്കിൽ വൻ ദുരന്തത്തിൽ കലാശിക്കുമായിരുന്നു. ഭയത്തോടെയാണ് ബസിൽ കഴിഞ്ഞതെന്ന് യാത്രക്കാരായ സ്ത്രീകൾ പറഞ്ഞു. രാത്രി ഒമ്പതരയ്ക്കാണ് വനപാലകരും പൊലീസും സ്ഥലത്തെത്തിയത്.കുട്ടികൾ വിശന്ന് കരയാൻ തുടങ്ങിയതോടെ വനപാലകർ ചായ എത്തിച്ചു നൽകി.
രാതി ഏഴോടെ മലക്കപ്പാറയിൽ സർവീസ് അവസാനിപ്പിച്ച മറ്റൊരു ബസുണ്ടായിരുന്നെങ്കിലും അത് എത്തിക്കാതെ ചാലക്കുടിയിൽനിന്ന് പകരം ബസ് എത്തിച്ചതാണ് സമയം താമസിച്ചത്. മലക്കപ്പാറയിലെ ബസ് എത്തിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടെങ്കിലും ഉദ്യോഗസ്ഥർ നിരസിച്ചു.
''വന്യമൃഗങ്ങളുടെ ശല്യമുണ്ടാകാറുള്ള പ്രദേശത്തായിരുന്നു ഞങ്ങൾ. നേരത്തെ റോഡിൽ രണ്ട് കാട്ടാനകളെ കണ്ടതായി അതുവഴി കടന്നുപോയ വാഹന യാത്രക്കാർ പറഞ്ഞപ്പോൾ ഭയം ഇരട്ടിച്ചു'- വനപാതയിൽ കുടുങ്ങിയ ബസിലുണ്ടായിരുന്ന കൊടകര സ്വദേശി മണികണ്ഠൻ പറഞ്ഞു. പത്തടിപ്പാലത്ത് വച്ചാണ് ടയറിൽ എയർ കുറവാണെന്നും സ്റ്റിയറിംഗ് തിരിയുന്നില്ലെന്നും ഡ്രൈവർ പറയുന്നത്. ബസ് നിറുത്തിയപ്പോൾ കണ്ടക്ടർ ഇറങ്ങി പരിശോധിച്ചു. കുഴപ്പമില്ലെന്ന് തോന്നി. യാത്ര തുടർന്നെങ്കിലും സ്റ്റിയറിംഗ് വളയ്ക്കാൻ ബുദ്ധിമുട്ടായപ്പോൾ വീണ്ടും നിറുത്തി. അവിടെ മൊബൈലിന് റേഞ്ച് ഇല്ലാത്തതിനാൽ കുറച്ചുകൂടി മുന്നോട്ടെടുത്ത് ചാലക്കുടി ഡിപ്പോയിലേക്ക് വിളിച്ചു.
ബസിന്റെ മുൻഭാഗത്ത് ഓയിൽ ലീക്ക് ചെയ്യുന്നുണ്ടായിരുന്നു. സ്റ്റിയറിംഗിൽ നിന്ന് താഴേയ്ക്കുളള വാൽവിൽ തുണിചുറ്റി ചരടു കെട്ടിയിരുന്ന ഭാഗത്തായിരുന്നു ലീക്ക്. പുലിയും കാട്ടാനയുമടക്കം വന്യമൃഗ ശല്യമുള്ള പ്രദേശത്ത് മണിക്കൂറുകളോളം കഴിയേണ്ടിവന്നത് മറക്കാനാവില്ല. തകരാറുള്ള ബസ് വനപാതയിൽ സർവീസ് നടത്താൻ പാടില്ലായിരുന്നു- മണികണ്ഠൻ പറഞ്ഞു.
അതേസമയം ബസിലെ യാത്രക്കാരെ തിരികെയെത്തിക്കാൻ അടിയന്തര നടപടിയെടുത്തെന്ന്ചാലക്കുടി എ.ടി.ഒ കെ.ജെ.സുനിൽ പറഞ്ഞു. ബസ് കേടായ വിവരം അറിഞ്ഞതോടെ വൈകിട്ട് ആറിന് മറ്റൊരു ബസും വർക്ക് ഷോപ്പ് ജീവനക്കാരെയും അയച്ചു. 80 കിലോമീറ്റർ ദൂരവും കാട്ടിലൂടെയുള്ള യാത്രയും കാരണം സ്ഥലത്തെത്താൻ വൈകി. ഇതിനകം പൊലീസും വനപാലകരും എത്തുന്നതിന് നടപടി സ്വീകരിച്ചു. സ്ഥലത്തെത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ത്രീകൾ അടക്കമുള്ളവരുടെ സുരക്ഷയേറ്റെടുത്തു. ലഘുഭക്ഷണവും നൽകി. രാവിലെ ചാലക്കുടിയിൽ നിന്ന് യാത്ര ആരംഭിച്ച ബസിന് തകരാറുണ്ടായിരുന്നില്ല. ദൂരക്കൂടുതലും ഫോണിൽ ബന്ധപ്പെടാനുള്ള തടസവുമാണ് വിനയായതെന്നും എ.ടി.ഒ വിശദീകരിച്ചു.