kerala

കൊച്ചി: വേങ്ങൂർ പഞ്ചായത്തിൽ മഞ്ഞപ്പിത്ത പ്രതിരോധ നടപടികൾ തുടരവേ, രോഗബാധിതരുടെ എണ്ണം ശനിയാഴ്ച വരെ 171 ആയി. ഇതിൽ 38 പേർ ആശുപത്രിയിലാണ്. ഒരു യുവതിയടക്കം മൂന്നു പേരുടെ നില ഗുരുതരം. യുവതി ലിസി ആശുപത്രിയിലും രണ്ടുപേർ രാജഗിരി, കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രികളിലും തീവ്രപരിചരണ വിഭാഗത്തിലാണ്. മുടക്കുഴ പഞ്ചായത്തിൽ മഞ്ഞപ്പിത്തം ബാധിച്ച് കഴിഞ്ഞദിവസം ഒരാൾ മരിച്ചിരുന്നു. രോഗികളിലേറെയും പാവപ്പെട്ട വീടുകളിലെയാണ്.


വേങ്ങൂരിൽ ജലഅതോറിറ്റിയുടെ കുടിവെള്ള സംഭരണിയിലെ വെള്ളം ഉപയോഗിച്ചവർക്കാണ് മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്തത്. തിളപ്പിച്ച വെള്ളവും കിണറ്റിലെ വെള്ളവും കുടിച്ചവർ സുരക്ഷിതരാണ്. വക്കുവള്ളി ജലസംഭരണയിലെ വെള്ളം വേണ്ടവിധം ശുദ്ധീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ പരാതി. അതേസമയം, ജില്ലയുടെ വിവിധ മേഖലകളിൽ ഡെങ്കിപ്പനിയടക്കമുള്ള പകർച്ചവ്യാധികൾ വ്യാപിക്കുന്നുണ്ട്.

ശുചിത്വം,​ കരുതൽ പ്രധാനം

ഗർഭിണികൾ, കുട്ടികൾ, വയോധികർ, ആരോഗ്യപ്രശ്‌നങ്ങളുള്ളവർ എന്നിവർ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ഡി.എം.ഒ അറിയിച്ചു. മലിനജലം, ഭക്ഷണം, രോഗികളുമായുള്ള സമ്പർക്കം എന്നിവയിലൂടെ രോഗം ബാധിക്കാം. ഹെപ്പറ്റൈറ്റിസ് എ വൈറസ് ബാധിച്ച് ആറാഴ്ചയ്ക്കുള്ളിൽ രോഗലക്ഷണം പ്രകടമാകും. ക്ഷീണം, പനി, വയറുവേദന, ഛർദി, വയറിളക്കം തുടങ്ങിയവയാണ് ലക്ഷണങ്ങൾ.