ലണ്ടൻ: കാഴ്‌ചയിൽ ചെമ്മരിയാടിനെ പോലെ തോന്നും. പക്ഷേ, ഒന്ന് സൂക്ഷിച്ച് നോക്കിയാൽ അറിയാം ഇതൊരു ഇനം നായ ആണെന്ന്. ബെഡ്‌ലിംഗ്‌ടൺ ടെറിയർ എന്നാണ് ക്യൂട്ട് ലുക്കുള്ള ഇക്കൂട്ടർ അറിയപ്പെടുന്നത്. റോത്ബറി ടെറിയർ, റോത്ബറി ലാമ്പ് എന്നിങ്ങനെയും ഇവ അറിയപ്പെടുന്നുണ്ട്. വടക്ക് - കിഴക്കൻ ഇംഗ്ലണ്ടിലെ നോർത്തംബെർലാൻഡിലെ ബെഡ്‌ലിംഗ്‌ടൺ ആണ് സ്വദേശം. ആടുകളുടേത് പോലെ ഓവൽ ആകൃതിയിലുള്ള തലയാണ് ഇവയ്ക്ക്. ഒരിഞ്ചോളം നീളമുള്ള ആടിന്റേത് പോലുള്ള ചെറു രോമങ്ങളും ആൽമണ്ട് ആകൃതിയിലെ ചെറിയ കണ്ണുകളും ഇവരെ വ്യത്യസ്തരാക്കുന്നു.
കാഴ്‌ചയിൽ ക്യൂട്ട്‌നെസ് ആണെങ്കിലും ദേഷ്യം വന്നാൽ ടെറർ ആയി മാറാൻ ഇക്കൂട്ടർക്ക് മടിയില്ല. ഓട്ടം അടക്കം നായകൾക്കായുള്ള വിവിധ മത്സരങ്ങളിൽ ബെഡ്ലിംഗ്ടൺ ടെറിയറുകളെ ഉപയോഗിക്കാറുണ്ട്. നീന്താനും മിടുക്കരാണ്. വളരെ വേഗത്തിൽ ഓടാൻ കഴിവുള്ള ഇവ പെട്ടെന്ന് ഇണങ്ങിച്ചേരുന്ന സ്വഭാവം ഉള്ളവയാണ്. മനുഷ്യർക്കൊപ്പം ചങ്ങാത്തം കൂടാൻ വളരെ ഉത്സാഹമാണ്. പതിനാല് വർഷം വരെയാണ് ആയുസ്. ഏകദേശം 7 മുതൽ 11 കിലോയോളം ഭാരമുണ്ട്. വെള്ള, ഗ്രേ, ഇളം നീല തുടങ്ങിയ നിറങ്ങളിലൊക്കെ കാണപ്പെടുന്ന ഇവയ്ക്ക് 17 ഇഞ്ച് നീളമുണ്ട്.