air-india

കൊച്ചി: ഇന്നും സർവീസുകളുടെ റദ്ദാക്കൽ തുടർന്ന് എയർഇന്ത്യ എക്‌സ്പ്രസ്. ഇന്ന് രാവിലെയുളള വിവിധ സർവീസുകളാണ് റദ്ദാക്കിയതായി അറിയിപ്പ് വന്നത്. കണ്ണൂരിൽ നിന്നുളള രണ്ട് സർവീസുകളും കൊച്ചിയിൽ നിന്നുളള ഒരു സർവീസുമാണ് ഇന്ന് രാവിലെ റദ്ദാക്കിയത്.

രാവിലെ പുറപ്പെടേണ്ടിയിരുന്ന ദമാം ,ബഹ്‌റിൻ സർവീസുകളും മുടങ്ങി. അബുദാബി, റിയാദ്, ദമാം, ബഹ്‌റിൻ എന്നിവിടങ്ങളിൽ നിന്ന് കൊച്ചിയിലേക്കുളള സർവീസുകളും റദ്ദാക്കി. ബംഗളൂരു, കൊൽക്കത്ത, ഹൈദരാബാദ് എന്നീ ആഭ്യന്തര സെക്ടറുകളിൽ നടത്തേണ്ടിയിരുന്ന സർവീസുകളും മുടങ്ങി.

കഴിഞ്ഞ ദിവസത്തെ ചില സർവീസുകളും മുടങ്ങിയിരുന്നു. കൊച്ചിയിൽ നിന്ന് ദമാം, ബഹ്‌റിൻ എന്നിവിടങ്ങളിലേക്കുളള സർവീസുകളിലാണ് മുടക്കം സംഭവിച്ചത്. അബുദാബി, റിയാദ്, ദമാം, ബഹ്‌റിൻ എന്നിവിടങ്ങളിൽ നിന്ന് കൊച്ചിയിലേക്ക് എത്തേണ്ട സർവീസുകളും ഞായറാഴ്ച ഉണ്ടായിരുന്നില്ല.ജീവനക്കാർ സമരം പിൻവലിച്ചെങ്കിലും എയർ ഇന്ത്യയുടെ സർവീസുകൾ ഇനിയും സാധാരണനിലയിലായിട്ടില്ല. ഇതുമൂലം വിമാനത്താവളങ്ങൾക്ക് കോടികളുടെ വരുമാന നഷ്ടമാണ് ഉണ്ടാകുന്നത്.

പണിമുടക്കിയ ജീവനക്കാർ തിരിച്ചെത്തുന്ന മുറയ്ക്ക് സർവീസുകൾ ആരംഭിക്കുമെന്ന് അധികൃതർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നത്. ജീവനക്കാർ ജോലിയിൽ മടങ്ങിയെത്തിത്തുടങ്ങിയെങ്കിലും ക്യാബിൻ ക്രൂവിന് ജോലി പുനരാരംഭിക്കാൻ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കേണ്ടതുണ്ട്. ഇതിന്റെ നടപ‌ടികൾ വേഗത്തിലാക്കുമെന്ന് അധികൃതർ അറിയിച്ചു. കേന്ദ്രസർക്കാരിന്റെ ശക്തമായ ഇടപെടലിനെത്തുടർന്ന് കഴിഞ്ഞ വ്യാഴാഴ്ചയാണ് എയർ ഇന്ത്യ എക്സ്‌പ്രസ് ജീവനക്കാരുടെ സമരം ഒത്തുതീർപ്പിലെത്തിയത്. ഡൽഹിയിൽ ചീഫ് ലേബർ കമ്മീഷണറുടെ (സെൻട്രൽ) സാന്നിദ്ധ്യത്തിൽ ജീവനക്കാരുടെ സംഘടനയും എയർ ഇന്ത്യ പ്രതിനിധികളും നടത്തിയ ചർച്ചയിലാണ് തീരുമാനം ഉണ്ടായത്. ധാരണപ്രകാരം 30 ജീവനക്കാരെ പിരിച്ചുവിട്ടതും റദ്ദാക്കിയിരുന്നു.