train

തിരൂർ: വീണ്ടും ട്രെയിനിനുള്ളിൽ ടിടിഇയ്‌ക്ക് മർദനം. മംഗലാപുരം - തിരുവനന്തപുരം മാവേലി എക്‌സ്‌പ്രസിലാണ് സംഭവമുണ്ടായത്. ട്രെയിൻ ഇന്നലെ രാത്രി തിരൂരിനടുത്ത് എത്തിയപ്പോഴായിരുന്നു ആക്രമണമുണ്ടായത്. സംഭവത്തിൽ തിരുവനന്തപുരം സ്വദേശിയായ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ടിക്കറ്റില്ലാതെ യാത്ര ചെയ്‌ത ആളാണ് ടിടിഇയെ മർദിച്ചത്. ആക്രമണത്തിൽ രാജസ്ഥാൻ സ്വദേശിയായ ടിടിഇ വിക്രം കുമാർ മീണയ്‌ക്ക് പരിക്കേറ്റിട്ടുണ്ട്. ടിക്കറ്റ് ചോദിച്ചപ്പോൾ യാത്രക്കാരൻ തന്റെ മൂക്കിന് ഇടിക്കുകയായിരുന്നെന്ന് വിക്രം കുമാർ മീണ പറഞ്ഞു.

ഇക്കഴിഞ്ഞ ഏപ്രിലിലാണ് നാടിനെ ഞെട്ടിച്ചുകൊണ്ട് പട്‌ന എക്‌സ്പ്രസിലെ ടിടിഇ വിനോദിനെ യാത്രക്കാരൻ കൊലപ്പെടുത്തിയത്. ഇതിന്റെ നടുക്കം മാറുന്നതിന് മുമ്പാണ് പുതിയ സംഭവം. ഓടുന്ന ട്രെയിനില്‍ നിന്ന് തള്ളിയിട്ടാണ് വിനോദിനെ പ്രതി കൊലപ്പെടുത്തിയത്. തൃശൂര്‍ വെളപ്പായയില്‍ വച്ചായിരുന്നു സംഭവം. ടിക്കറ്റ് ചോദിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിന് കാരണം. പ്രതിയായ അന്യസംസ്ഥാന തൊഴിലാളി രജനീകാന്ത് റിമാൻഡിലാണ്.

പാലക്കാട് റെയിൽവേ പൊലീസാണ് രജനീകാന്തിനെ പിടികൂടിയത്. പ്രതി സ്ഥിരം മദ്യപാനിയാണെന്നും പൊലീസ് പറഞ്ഞു. ട്രെയിനുകള്‍ക്കുള്ളില്‍ നടക്കുന്ന കുറ്റകൃത്യങ്ങളില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ പ്രതികളാകുന്ന സംഭവം അടുത്തിടെയായി കേരളത്തില്‍ വര്‍ദ്ധിച്ചുവരികയാണ്. മോഷണം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളാണ് കൂടുതലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. വിനോദിന്റെ കൊലപാതകത്തിന് ശേഷം ടിടിഇ ആക്രമിക്കപ്പെട്ട നിരവധി വാർത്തകൾ പുറത്തുവന്നിരുന്നു.