bomb

കണ്ണൂർ: റോഡരികിൽ ബോംബ് പൊട്ടിത്തെറിച്ചു. കണ്ണൂർ ചക്കരക്കല്ലിൽ ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് സംഭവം. രണ്ട് ഐസ്‌ക്രീം ബോംബുകളാണ് പൊട്ടിയത്. പൊലീസ് പട്രോളിംഗ് നടത്തുന്നതിനിടെയായിരുന്നു സ്‌ഫോടനം.

കഴിഞ്ഞ ദിവസം സ്ഥലത്ത് രാഷ്‌ട്രീയ സംഘർഷമുണ്ടായിരുന്നു. കൊടിതോരണങ്ങൾ കെട്ടുന്നതിമായി ബന്ധപ്പെട്ടായിരുന്നു പ്രശ്നങ്ങൾ. ഈ സാഹചര്യത്തിലാണ് പ്രദേശത്ത് പൊലീസ് പട്രോളിംഗ് ശക്തമാക്കിയത്. ഇതിനിടെയാണ് ബോംബ് സ്‌ഫോടനം. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഏപ്രിൽ അഞ്ചിന് കണ്ണൂരിലെ പാനൂരിൽ ബോംബ് നിർമാണത്തിനിടെ ഒരാൾ കൊല്ലപ്പെട്ട സംഭവം ഏറെ വിവാദമായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കാനിരുന്ന സാഹചര്യത്തിലായതിനാൽ രാഷ്‌ട്രീയ ചർച്ചകൾക്കും ഇത് വഴിവച്ചിരുന്നു. സംഭവത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകർ ഉൾപ്പെടെ നിരവധിപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ബോംബ് സ്‌ഫോടനത്തിൽ സിപിഎം പ്രവർത്തകനായ ഷെറിൽ ആണ് മരിച്ചത്. മറ്റൊരു സിപിഎം പ്രവർത്തകനായ വലിയ പറമ്പ് വിനീഷിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. കേസിൽ ഡിവൈഎഫ്ഐ യൂണിറ്റ് ഭാരവാഹികളായ മൂന്നുപേരടക്കം 13 സിപിഎം പ്രവർത്തകർ അറസ്റ്റിലായി. മരിച്ച ഷെറിൽ അടക്കം കേസിൽ ആകെ 15 പ്രതികളാണുള്ളത്. ഇവർക്ക് പാർട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു.

ബോംബ് നിർമ്മാണം പോലെ ഒരിടപാടും സി.പി.എമ്മിനില്ല. ജനങ്ങളെ അണിനിരത്തിയുള്ള പ്രവർത്തനമാണ് സി.പി.എമ്മിന്റേത്. ഡി.വൈ.എഫ്‌.ഐക്ക് ബന്ധമുണ്ടെങ്കിൽ അവർ അതിന് ഉചിതമായ നടപടി സ്വീകരിക്കും. ഞങ്ങൾക്ക് പോഷക സംഘടനയില്ല. ഡി.വൈ.എഫ്‌ഐയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സി.പി.എമ്മിനോടല്ല ചോദിക്കേണ്ടതെന്നുമാണ് എംവി ഗോവിന്ദൻ പറഞ്ഞത്.