ഒരു കാലത്ത് മലയാളത്തിലെ ഹിറ്റ് കോംബോകളിൽ ഒന്നായിരുന്നു മോഹൻലാലും മണിയൻപിള്ള രാജുവും. ഇരുവരും തകർത്ത് അഭിനയിച്ച ചിത്രങ്ങൾ ഒന്നും മലയാളികൾ ഒരുകാലത്തും മറക്കില്ല. ബോയിംഗ് ബോയിംഗ്, വെള്ളാനകളുടെ നാട്, ചിത്രം അങ്ങനെ ഒരുപിടി ചിത്രങ്ങൾ ഇന്നും മലയാളികളുടെ മനസിലുണ്ട്. കൂടാതെ മോഹൻലാലുമായി ഏറ്റവും അടുത്ത സുഹൃത്ത് ബന്ധം കാത്തുസൂക്ഷിക്കുന്ന താരം കൂടിയാണ് മണിയൻപിള്ള.

ഇപ്പോഴിതാ മോഹൻലാലിന്റെ സ്വഭാവത്തെക്കുറിച്ചൊക്കെ തുറന്നുപറയുകയാണ് മണിയൻപിള്ള രാജു. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രം 'ഗു'വിന്റെ പ്രമോഷന്റെ ഭാഗമായി കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മോഹൻലാൽ അധിക ദിവസവും ഫോണിൽ വിളിക്കാറുണ്ടെന്നും ഞങ്ങൾ തമ്മിൽ വലിയ സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണെന്നും മണിയൻപിള്ള പറഞ്ഞു.

'ഒരാളെയും വഴക്കുപറയാത്ത വ്യക്തിയാണ് മോഹൻലാൽ. ഒരാളോടും അദ്ദേഹം ദേഷ്യപ്പെടാറില്ല. മറ്റൊരാളെ ഒരു വാക്കുകൊണ്ട് പോലും പീഡിപ്പിക്കാൻ നമ്മൾക്ക് അവകാശമില്ലെന്നാണ് അദ്ദേഹം പറയാറുള്ളത്. 25 വർഷത്തിന് മുമ്പ് മോഹൻലാലിന്റെ അമ്മ മോഹൻലാലിനെ വിളിച്ച് പറഞ്ഞു, 'നമ്മുടെ മണിയൻപിള്ള രാജുവിന്റെ വീട്ടിൽ പോയപ്പോൾ നിന്നെക്കുറിച്ച് കുറ്റം പറഞ്ഞെടാ', ഇത് കേട്ട മോഹൻലാൽ പറഞ്ഞത്, അമ്മയ്ക്ക് രാജുച്ചേട്ടന്റെ സ്വഭാവം അറിയില്ലേ, മേലാൽ ഇങ്ങനെയുള്ള കാര്യം എന്നെ വിളിച്ച് പറയരുത്. അത് അങ്ങനെയാണ് എല്ലാ കാര്യങ്ങളും ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കും. അതിൽ ഒന്നും കാര്യമില്ല, ഞങ്ങൾ നല്ല ഫ്രണ്ട്സ് അല്ലേ എന്നാണ്. പിന്നീട് അമ്മ എന്നെ വിളിച്ചു പറഞ്ഞു, മക്കളേ ഞാൻ ഇക്കാര്യം പറഞ്ഞപ്പോൾ ലാലു ഇങ്ങനെയാണ് പറഞ്ഞത് എന്ന്. പുള്ളിക്ക് ആരോടും പരിഭവവും ഇല്ല. പരാതിയും ഒന്നുമില്ലാത്ത ആളാണ് മോഹൻലാൽ'- മണിയൻ പിള്ള പറഞ്ഞു.

അഭിമുഖത്തിൽ ഇങ്ങനെയുള്ള കാര്യങ്ങൾ തുറന്നുപറയുന്ന ഒരാളാണ് ഞാൻ എന്നും മണിയൻപിള്ള പറഞ്ഞു. 'ഇങ്ങനെ തുറന്നുപറയുന്നത് കൊണ്ട് പല നഷ്ടങ്ങളുണ്ടായിട്ടുണ്ട്. എല്ലാവരെയും സുഖിപ്പിച്ചും മണിയടിച്ചും ഇരിക്കുന്നതാണല്ലോ ചിലർക്ക് ഇഷ്ടം. എനിക്ക് ആ പരിപാടിയില്ല. ഇപ്പോൾ ഒരു പടം നല്ലതാണെങ്കിൽ, എനിക്ക് അവരെ പരിചയമില്ലെങ്കിൽ കൂടി ഞാൻ അവരെ വിളിച്ച് അഭിനന്ദിക്കാറുണ്ട്. ആവേശം സിനിമ കണ്ട് ഞാൻ അൻവർ റഷീദിനെ വിളിച്ചിരുന്നു'- മണിയൻപിള്ള പറഞ്ഞു.

actor-maniyanpilla-raju