കൊച്ചി: ഇൻഫോപാർക്കിലെ സോഫ്റ്റ്‌വെയർ എൻജിനിയർ പാർവതി മോഹന്റെ (22) വീട്ടുപരിസരത്ത് തിളയ്ക്കുന്ന വെയിലിനെ സ്വീകരിച്ച് പത്തുമണിപ്പൂക്കളുടെ വർണപ്പകിട്ടാണ്. പല നിറങ്ങളിൽ ഒരു ലക്ഷത്തോളം ചെടികളുണ്ടാകുമെന്ന് മുഹമ്മ പുത്തനമ്പലം 'നന്ദന"ത്തിലെ അരയേക്കർ പൂന്തോട്ടം ചൂണ്ടിക്കാട്ടി പാർവതി പറയുന്നു.
പാർവതിയുടെ വാരാന്ത്യത്തിലെ ഹോബി വളർന്ന് ഇപ്പോൾ ചെറുസംരംഭമായി. വിവിധയിനം പത്തുമണിച്ചെടികൾ കാർട്ടൺ ബോക്‌സിലാക്കി ആവശ്യക്കാർക്ക് എത്തിച്ചുകൊടുക്കും. കൊറിയറിൽ മാസം ശരാശരി 250 പെട്ടികൾ അയയ്ക്കുന്നുണ്ട്. ശനി, ഞായർ ദിവസങ്ങളിൽ ഇതിന്റെ തിരക്കിലാകും പാർവതി.
തായ്‌ലൻഡ് വെറൈറ്റികളാണ് തോട്ടത്തിൽ ഏറെയും. രാവിലെ എട്ടു മുതൽ വിരിയുന്നവയുണ്ട്. 30 ഇനം പത്തുമണിച്ചെടികളുമായി തുടങ്ങിയ പാർവതിയുടെ ശേഖരത്തിൽ ഇപ്പോൾ സിൻഡ്രല, പോർട്ടുലാക, പർസ്‌ലെയ്ൻ, ടിയാര, ജംബോ തുടങ്ങി മുന്നൂറിലധികം ഇനങ്ങളുണ്ട്. ദിവസവും ചെറുതായി നനച്ചുകൊടുക്കും. രണ്ടാഴ്ച കൂടുമ്പോൾ ചാണകപ്പൊടിയോ എല്ലുപൊടിയോ വിതറും. രാജ്യത്തെവിടെയും പുതിയ ഇനം എത്തിയെന്നറിഞ്ഞാൽ തണ്ട് വരുത്തി നട്ടുവളർത്തും.
സൗദിയിൽ എൻജിനിയറായ വി.ടി. മോഹനന്റെ മകളാണ് പാർവതി. അമ്മ രജനിയും അമ്മൂമ്മ സുപ്രഭയും വീട്ടിലുണ്ട്. കോഡ് സോഫ്റ്റ്‌വെയർ ലിമിറ്റഡിലാണ് പാർവതിക്ക് ജോലി.
50 ഇനത്തിന് 580 രൂപ
50 ഇനം പത്തുമണിച്ചെടികൾ അടങ്ങിയ ബോക്‌സിന് കേരളത്തിൽ ഡെലിവറി ചാർജടക്കം 580 രൂപയാണ്. 25 നിറങ്ങളുടെ ചെറിയ കോമ്പോ പായ്ക്കിന് 320 രൂപ. പ്രത്യേക നിറങ്ങൾ മാത്രമായും ലഭിക്കും. ഇൻസ്റ്റഗ്രാം അടക്കം സമൂഹമാദ്ധ്യമങ്ങൾ വഴിയാണ് ഓർഡർ ലഭിക്കുന്നത്. സമീപപ്രദേശങ്ങളിൽ കാറിൽ എത്തിക്കും.
പാഴ്സലായി എത്തുന്ന ചെടിത്തണ്ടുകളുടെ അടിവശം അൽപം മുറിച്ചുകളഞ്ഞ് വെള്ളത്തിൽ മുക്കിവയ്ക്കണം. ചാണകപ്പൊടിയും ചകിരിച്ചോറും കലർത്തിയ മണ്ണിൽ വൈകിട്ടാണ് നടേണ്ടത്. ജലസേചനം മിതമായി മതി. വെയിലാണ് ചെടികൾക്ക് ഇഷ്ടം.
അഞ്ചുവർഷമായി പത്തുമണിച്ചെടികൾ വിൽക്കുന്നുണ്ട്. ഇതുവഴി കിട്ടുന്ന പോക്കറ്റ് മണിയായിരുന്നു കോളേജ് പഠനകാലത്തെ സന്തോഷം. ഇപ്പോൾ ജോലിസമ്മർദ്ദം മറക്കാനും പൂച്ചെടികൾ കൂട്ടാണ്.
- പാർവതി മോഹൻ