രാജിവയ്‌ക്കുന്ന ജീവനക്കാർക്ക് ഒമ്പത് മാസത്തെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്‌ത് പ്രമുഖ കമ്പനിയായ മെക്കൻസി. പുതിയൊരു ജോലി കണ്ടെത്തുന്നതുവരെ സഹായമായിട്ടാണ് ഒമ്പത് മാസത്തെ ശമ്പളം വെറുതേ നൽകുന്നത്.
ഈ ഒമ്പത് മാസം കമ്പനിയിൽ ജോലി ചെയ്യണമെന്ന് നിർബന്ധമില്ല. ആ സമയം പുതിയ ജോലി കണ്ടെത്താൻ ഉപയോഗിക്കണമെന്നാണ് മെക്കൻസി ഗ്രൂപ്പ് അധികൃതർ പറയുന്നത്. ഈ ഒമ്പത് മാസവും ജീവനക്കാർക്ക് മുഴുവൻ ശമ്പളവും ലഭിക്കുന്നതാണ്. കൂടാതെ ജീവനക്കാരായിരിക്കുമ്പോൾ കമ്പനി നൽകുന്ന എല്ലാ ആനുകൂല്യങ്ങളും ഇതോടൊപ്പം ലഭിക്കുകയും ചെയ്യും. എന്നാൽ, ഈ കാലയളവിനുള്ളിൽ പുതിയ ജോലി കണ്ടെത്താൻ കഴിയാത്തവർക്ക് കാലാവധി നീട്ടി നൽകുന്നതല്ല. ഒമ്പത് മാസത്തിന് ശേഷം അവർക്ക് കമ്പനിയിൽ തുടരാനും സാധിക്കില്ലെന്ന് മെക്കൻസി ഗ്രൂപ്പ് അറിയിച്ചു.
മാറിക്കൊണ്ടിരിക്കുന്ന ബിസിനസ് സാഹചര്യത്തിൽ തൊഴിലാളികളെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് കമ്പനിയുടെ പുതിയ നയം. ഏകദേശം 1400 ജോലിക്കാരെ വെട്ടിക്കുറയ്‌ക്കുമെന്ന് കഴിഞ്ഞ വർഷം കമ്പനി പ്രഖ്യാപിച്ചിരുന്നു. കമ്പനിയുടെ ആകെ തൊഴിലാളികളുടെ മൂന്ന് ശതമാനത്തോളമാണിത്. മാത്രമല്ല, കഴിഞ്ഞ മാസം കമ്പനി നടത്തിയ അവലോകന യോഗത്തിൽ മികച്ച പ്രകടനം കാഴ്‌ച വയ്‌ക്കാത്തവരോട് സ്വയം പിരിഞ്ഞുപോകണമെന്ന് ആവശ്യപ്പെട്ടിരുന്നു.
മാസങ്ങൾക്ക് മുമ്പ് കമ്പനിയിലെ ജോലി സമ്മർദം കാരണം 25കാരൻ ആത്മഹത്യ ചെയ്‌തിരുന്നു. ഐഐഎമ്മിൽ ഉൾപ്പെടെ പഠിച്ചിറങ്ങുന്നവർ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന കമ്പനിയാണിത്. എന്നാൽ, അമിതമായ സമ്മർദം കാരണം നിരവധിപേരാണ് കമ്പനിയിൽ നിന്ന് സ്വയം പിരിഞ്ഞുപോകുന്നത്.