ഫാഷൻ ലോകത്തെ ഉത്സവം എന്ന് വേണമെങ്കിൽ 'മെറ്റ് ഗാല'യെ നമുക്ക് വിളിക്കാം. ലോകത്തെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള സെലിബ്രിറ്റികൾ ഒരു കുടക്കീഴിൽ ഒന്നിച്ചെത്തിയതോടെ ഫാഷൻ ലോകത്തുള്ളവരുടെ കണ്ണുകൾ ഗാല വേദിയിലേക്കെത്തി. ആലിയ ഭട്ടും നതാഷ പൂനെവാലയും ഇഷ അംബാനിയും അടക്കമുള്ളവരും എത്തിയതോടെ ഇന്ത്യൻ സാന്നിദ്ധ്യവും ശ്രദ്ധിക്കപ്പെട്ടു. എന്നാൽ ഇവരെ കൂടാതെ മെറ്റ് ഗാലയിൽ തിളങ്ങിയ മറ്റൊരു ഇന്ത്യക്കാരിയെക്കുറിച്ചുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്.
മറ്റാരുമല്ല, ഇന്ത്യൻ സംരംഭകയായ സുധ റെഡ്ഡിയെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ആകർഷകമായ വസ്ത്രത്തിൽ എത്തിയ സുധ റെഡ്ഡിയുടെ ഡയമണ്ട് നെക്ലേസാണ് ഷോയിൽ കൂടുതൽ പേരും ശ്രദ്ധിച്ചത്. ഇറ്റാലിയനിൽ നിത്യസ്‌നേഹം എന്ന് അർത്ഥം വരുന്ന 180 കാരറ്റ് ഡയമണ്ട് നെക്‌ലേസാണ് സുധ അണിഞ്ഞത്. 20 മില്യനാണ് (രണ്ട്‌കോടി രൂപ) വില. ഹൃദയാകൃതിയിലുള്ള നാല് വജ്രങ്ങളാണ് നെക്‌ലേസിന്റെ ഹൈലൈറ്റ്. ഇതിൽ ഒന്ന് 25 കാരറ്റിന്റെ വജ്രമാണ്. കൂടാതെ ഭർത്താവിനെയും രണ്ട് കുട്ടികളെയും പ്രതിനിധീകരിക്കുന്ന 20 കാരറ്റിന്റെ മൂന്ന് വജ്രങ്ങളും ഈ നെക്‌ലേസിലുണ്ട്.
ഷോയിൽ തിളങ്ങിയ സുധയുടെ വസ്ത്രവും ഇതിനോടകം ചർച്ചയായിയിരുന്നു. 80 ലധികം വിദഗ്ദ്ധർ 4500 മണിക്കൂറുകൾ ചെലവഴിച്ച് നിർമ്മിച്ചെടുത്ത ഐവറി ഗൗണാണ് സുധ അണിഞ്ഞത്. 10 മില്യൺഡോളർ (83കോടി രൂപ) വിലമതിക്കുന്ന ഈ വസ്ത്രം ഇന്ത്യയുടെ സർഗ്ഗാത്മകതയും സംസ്‌കാരിക സൗന്ദര്യവും പ്രതിഫലിപ്പിക്കുന്നതാണ്, ഇന്ത്യൻ രൂപകൽപനയുടെയും കരകൗശലത്തിന്റെയും വൈവിദ്ധ്യവും ആഴവും വസ്ത്രത്തിൽ കാണാം.
മെറ്റ് ഗാലയിൽ തിളങ്ങിയതോടെ സുധ റെഡ്ഡിയെക്കുറിച്ചുള്ള മറ്റ് കാര്യങ്ങളാണ് സോഷ്യൽ ലോകം തിരയുന്നത്. സുധ റെഡ്ഡിയുടെ ജീവിത ശൈലി, വാഹനം, സ്വകാര്യ ജെറ്റുകൾ എന്നിവയെക്കുറിച്ചാണ് കൂടുതൽ പേരും ഗൂഗിളിൽ തിരയുന്നത്. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പിവി കൃഷ്ണ റെഡ്ഡിയുടെ ഭാര്യയാണ് സുധ. 19ാം വയസിലാണ് കൃഷ്ണ റെഡ്ഡി സുധയെ വിവാഹം കഴിച്ചത്.
ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായ അവർ സുധ റെഡ്ഡി ഫൗണ്ടേഷൻ എന്നൊരു സംഘടനയും നടത്തുന്നുണ്ട്. സുധയുടെ കൃത്യമായ ആസ്തി വിവരത്തെക്കുറിച്ചുള്ള റിപ്പോർട്ടുകളൊന്നും പുറത്തുവന്നിട്ടില്ല. എന്നാൽ ഭർത്താവ് കൃഷ്ണ റെഡ്ഡിക്ക് 18,370 കോടി രൂപയുടെ ആസ്തിയുണ്ട്.
ആഡംബര ജീവിതം നയിക്കുന്ന ദമ്പതികൾക്ക് ഗ്രീക്ക്-റോമൻ സ്‌റ്റൈലിലുള്ള ബംഗ്ലാവ് ഹൈദരാബാദിലെ ജൂബിലി ഹിൽസിലുണ്ട്. മികച്ച ഗാർഡനും ആംഡബര ഇന്റീരിയർ ഡിസൈനുകളുമാണ് വീടിന്റെ പ്രത്യേകത.
തന്റെ വിശേഷങ്ങളും പുതിയ ചിത്രങ്ങൾ എല്ലാം തന്നെ സുധ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യാറുണ്ട്. ഭർത്താവ് സമ്മാനിച്ച റോൾസ് റോയിസ് ഗോസ്റ്റിന്റെ ഉടമ കൂടിയാണ് സുധ. തന്റെ ഇഷ്ടാനുസരണം നിർമ്മിച്ച ഈ വാഹനത്തിലാണ് സുധ കൂടുതലായും യാത്ര ചെയ്യുന്നത്. കൂടാതെ ദൂര യാത്രയ്ക്കായി സുധ കൂടുതലും തന്റെ ജെറ്റ് വിമാനങ്ങളെയാണ് ആശ്രയിക്കാറുള്ളത്. വിമാനത്തിൽ യാത്ര ചെയ്യുന്ന ചിത്രങ്ങൾ സുധ ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കാറുണ്ട്.