ഇന്നത്തെക്കാലത്ത് ചെറുപ്പക്കാർവരെ വളരെയധികം വിശ്വസിക്കുന്ന ഒന്നാണ് വാസ്‌തുശാസ്ത്രം. വീട് വയ്ക്കുമ്പോഴും ഓഫീസോ കടയോ മറ്റും പണിയുമ്പോഴുമെല്ലാം വാസ്‌തു അനുസരിച്ചാണ് മിക്കവരും അത് പൂർത്തിയാക്കുന്നത്. വീട്ടിലുള്ള ഓരോ വസ്തുവിനും വാസ്തുപരമായി സ്ഥാനം നിഷ്‌കർഷിക്കുന്നുണ്ട്. ഇവയിൽ വീട്ടുപകരണങ്ങളും വീട്ടുപരിസരത്തെ ചെടികളും മരങ്ങളും ഉൾപ്പെടും.
ജീവിതത്തിലെ ഓട്ടപ്പാച്ചിലിനിടെ ഇന്ന് മിക്കവരും പറയുന്ന പരാതിയാണ് വീട്ടിൽ വരവിനേക്കാൾ ചെലവ് അധികരിക്കുന്നുവെന്നും വീട്ടിൽ പണം നിൽക്കുന്നില്ല എന്നും. ഇതിനും വാസ്‌തുശാസ്ത്രത്തിൽ പരിഹാരം പറയുന്നുണ്ട്. വാസ്തുശാസ്ത്രപ്രകാരം ചില ചെടികൾ വീടിനോട് ചേർന്നുവളരുന്നത് വളരെ ദോഷമാണ്. വാസ്തുപ്രകാരം വളരെ ശ്രദ്ധയോടെ പരിപാലിക്കേണ്ട ചെടികളാണ് പുളിയും തുളസിയും മുളകും.
ഒരിക്കലും വീടിനോട് ചേർന്ന് പുളി നട്ടുവളർത്താൻ പാടില്ല. കന്നിമൂലയിൽ നട്ടുവളർത്തുന്നതും ദോഷമാണ്. മുളക് വളർത്തുമ്പോഴും വീടിനോട് ചേർന്ന് വളർത്താതിരിക്കാൻ ശ്രദ്ധിക്കണം. ഇത് കലഹത്തിനും രോഗദുരിതത്തിനും സാമ്പത്തിക ബുദ്ധിമുട്ടുകൾക്കും കാരണമാവും. പച്ചമുളക് തെക്കുകിഴക്ക് ദിശയിൽ വളർത്തുന്നതാണ് ഉത്തമം. തുളസി വളർത്തുമ്പോഴും ഏറെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. വടക്കുകിഴക്ക് അല്ലെങ്കിൽ കിഴക്ക് വശത്താണ് തുളസി നടാൻ ഉത്തമം.
വീട്ടിൽ സമാധാനവും സന്തോഷവും ലഭിക്കാനും ഭാഗ്യം ലഭിക്കാനും സാമ്പത്തിക ഉന്നതിക്കും ഈ ദിശയിൽ ഒരു തുളസിയെങ്കിലും വളർത്തേണ്ടതുണ്ട്. വീടിന്റെ പ്രധാന വാതിലിനുനേരെ തുളസി നടുന്നത് അതീവ ശുഭകരമാണ്. ഇങ്ങനെ ചെയ്യുന്നത് ഐശ്വര്യവും സമ്പത്ത് വർദ്ധനവും ഉണ്ടാകുന്നതിന് സഹായിക്കും. ഒരിക്കലും തുളസി കത്തിക്കുകയോ തുളസിയോട് ചേർന്ന് തീയിടുകയോ ചെയ്യരുത്. ഇത് അതീവ രോഗദുരിതത്തിനും മരണത്തിനുംവരെ ഇടയാക്കും. തുളസിയോട് ചേർന്ന് മുള്ളുള്ള ചെടികളും പാടില്ല.