തിരുവനന്തപുരം: മലയാളികളുടെ ഇഷ്ട ഭക്ഷണങ്ങളിൽ ഒന്നായ ചിക്കന്റെ വില കുതിച്ചു കയറുന്നു. തിരുവനന്തപുരത്ത് ഇന്നത്തെ വില പ്രകാരം ഒരു കിലോ വൃത്തിയാക്കിയ കോഴിയിറച്ചിക്ക് 256 രൂപ നൽകണം. ജീവനോടെ വാങ്ങിയാൽ 162 രൂപ നൽകിയാൽ മതി. ഇതോടെ പൊറുതി മുട്ടിയിരിക്കുന്നത് സംസ്ഥാനത്തെ ഹോട്ടലുടമകളാണ്. തിരുവനന്തപുരത്തെ കൂടാതെ മറ്റ് ജില്ലകളിലും കോഴിവില കുതിച്ചുയരുകയാണ്.
2023 നവംബർ മാസത്തിൽ 90 രൂപ അടുപ്പിച്ചുണ്ടായിരുന്ന കോഴിവിലയാണ് പെട്ടെന്ന് കുതിച്ചുകയറിയത്. ചൂട് കൂടുന്നതാണ് കോഴിവില വർദ്ധനയ്ക്ക് പ്രധാന കാരണമെന്ന് കടയുടമകൾ പറയുന്നു. വേനൽകാലത്ത് കോഴിയെ വളർത്തുന്നവർക്ക് ഒരുപാട് നഷ്ടമുണ്ടാകാറുണ്ട്. തണുപ്പ് കാലത്തും വേനൽക്കാലത്തും കോഴിക്കുണ്ടാകുന്ന വളർച്ച വ്യത്യാസമാണെന്ന് ഇറച്ചിക്കട ഉടമ അനാമുദ്ദീൻ പറയുന്നു.
ചെറുകിട കർഷകർ പരമാവധി ചൂട് സമയത്ത് കോഴി വളർത്തുന്നത് നിർത്തിവയ്ക്കും. ചൂടു കൂടുന്നതനുസരിച്ച് കോഴികൾ തീറ്റയെടുക്കുന്നതു കുറയുകയും വെള്ളം കുടിക്കുന്നതു കൂടുകയും ചെയ്യുന്നതിനാൽ കോഴികൾക്ക് തൂക്കം കുറയുന്നു. കൂടാതെ ഈ സമയത്ത് വളർത്തിയാൽ ചൂട് കാരണം ഒരുപാട് കോഴികൾ ചത്തുപോകും. വലിയ നഷ്ടം നേരിടുന്നത് കണക്കിലെടുത്താണ് കൂടുതൽ കർഷകരും കോഴികളെ വളർത്താൻ മടിക്കുന്നത്. ഇതോടെ സ്‌റ്റോക്ക് കുറയുകയും ആവശ്യത്തിന് സാധനം ലഭിക്കാത്തത് വില വർദ്ധിക്കാൻ കാരണമാകുമെന്നും ഇറച്ചിക്കടക്കാർ പറയുന്നു.
കോഴി വില കൂടിയത് ഏറ്റവും കൂടുതൽ വലച്ചത് ഹോട്ടൽ ഉടമകളെയാണ്. കോഴിയുടെ വില മാറുന്നത് അനുസരിച്ച് വിഭവങ്ങളുടെ വില മാറ്റാൻ ഹോട്ടലുടമകൾക്ക് സാധിക്കില്ല. ഇനി മാറ്റിയാൽ കച്ചവടത്തെ ബാധിക്കുമെന്നാണ് അവർ കരുതുന്നത്. വിഭവങ്ങളിൽ നൽകിയിരുന്ന കഷ്ണങ്ങളുടെ എണ്ണം കുറച്ചും വലിപ്പം കുറച്ചുമാണ് പല ഹോട്ടലുടമകളും ഈ പ്രതിസന്ധി ഘട്ടത്തെ നേരിടുന്നത്.
അതേസമയം, അടുത്ത ആഴ്ചകളിൽ കോഴി ഇറച്ചി വില ഇനിയും വർദ്ധിക്കുമെന്നാണ് മാർക്കറ്റിൽ നിന്നുള്ള സൂചന. സംസ്ഥാനത്ത് ബ്രോയിലർ കോഴിയുടെ ഉത്പാദനം ഗണ്യമായി കുറഞ്ഞതും കോഴിവില കൂടാൻ മറ്റൊരു കാരണമാണ്. ഇതു മുതലെടുത്താണ് തമിഴ്നാട്, കർണ്ണാടക സംസ്ഥാനങ്ങളിലെ കോഴി ലോബികൾ വില കുത്തനെ ഉയർത്തുന്നത്.
സംസ്ഥാനത്ത് പ്രതിദിനം 8 -10 ലക്ഷം കോഴികൾ വരെയാണ് വിൽപ്പന നടത്തുന്നത്. മിക്കയിടത്തും പ്രാദേശികാടിസ്ഥാനത്തിൽ ചെറുകിട കോഴിഫാമുകൾ ഉണ്ടെങ്കിലും കാലാവസ്ഥാ വ്യതിയാനവും മറ്റു പ്രതിസന്ധികളുമെല്ലാം കാരണം ഇത്തരം ഫാമുകൾക്ക് പൂട്ടുവീഴുന്ന സ്ഥിതിയാണ്. 35 -40 രൂപയാണ് കോഴിക്കുഞ്ഞുകളുടെ നിലവിലെ വിലയെങ്കിലും 90-100 രൂപയാണ് സംസ്ഥാനത്ത് ഒരു കിലോ കോഴി ഉത്പാദനത്തിനുള്ള ചെലവു വരുന്നത്.