നിയമനം വീണ്ടും പി.ടി.എകൾ വഴി
തിരുവനന്തപുരം: സർക്കാർ സ്കൂളുകളിൽ ഇക്കൊല്ലവും പി.ടി.എകൾ വഴി താത്കാലിക അദ്ധ്യാപക
നിയമനം നടത്തി ഇഷ്ടക്കാരെ പ്രതിഷ്ഠിക്കുമ്പോൾ സംവരണ വിഭാഗത്തിലെ 6600 പേർക്ക് അവസരം നഷ്ടമാവും. എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്ന ആയിരങ്ങൾ വഞ്ചിക്കപ്പെടും.
പതിനൊന്നായിരത്തിലേറെ ഒഴിവുകളിലാണ് നിയമനം. ഇതിൽ 5500 പിന്നാക്ക-പട്ടിക വിഭാഗക്കാർക്ക് ലഭിക്കേണ്ടതാണ്. ആയിരത്തിൽപ്പരം നിയമനം മുന്നാക്ക സംവരണക്കാർക്കും. പി.ടി.എകൾ ഒരാഴ്ചക്കകം നിയമന നടപടി ആരംഭിക്കും.
കഴിഞ്ഞ രണ്ട് അദ്ധ്യയനവർഷങ്ങളിലും ഇത്തരത്തിൽ അട്ടിമറി നടന്നിരുന്നു. ഇത്തവണ എംപ്ളോയ്മെന്റ്
ഡയറക്ടറുടെ കത്ത് നേരത്തേ ലഭിച്ചിട്ടും സർക്കാരും പൊതുവിദ്യാഭ്യാസ വകുപ്പും അനങ്ങയില്ല. സ്കൂൾ
തുറക്കാറായപ്പോൾ പി.ടി.എകൾ വഴി നിയമനത്തിന് അനുമതി നൽകുകയും ചെയ്തു.
എംപ്ളോയ്മെന്റ് വഴിയുള്ള നിയമനം മനഃപൂർവം വൈകിപ്പിക്കും. കാലതാമസമെന്ന പേരു വരുത്തി പി.ടി.എയ്ക്ക് വിടും. ഈ കള്ളക്കളിയാണ് തുടരുന്നത്.
നിയമ ലംഘനം
സർക്കാർ വേതനം നൽകുന്ന താത്കാലിക-കരാർ നിയമനങ്ങൾ എംപ്ളോ. എക്സേഞ്ചുകൾ വഴിയാകണമെന്നാണ് നിയമം
പി.ടി.എകൾ വഴിയുള്ള നിയമനങ്ങളിൽ പണവും രാഷ്ട്രീയ സ്വാധീനവും ബന്ധുത്വവുമൊക്കെയാണ് ഘടകങ്ങൾ
ഇനിയും സമയം
ജൂൺ മൂന്നിനാണ് അദ്ധ്യയന വർഷം ആരംഭിക്കുന്നത്. താത്കാലിക നിയമനം എംപ്ളോ. എക്സ്ചേഞ്ചുകൾ വഴി നടത്താൻ ഇനിയും സമയമുണ്ട്. എക്സ്ചേഞ്ചുകളുടെ പ്രവർത്തനം ഓൺലൈനാണ്. ഒഴിവുകൾ സ്കൂൾ മേധാവിക്ക് ഇ-മെയിലായി ജില്ലാ എംപ്ളോ. എക്സ്ചേഞ്ചുകൾക്ക് റിപ്പോർട്ട് ചെയ്യാം. പേര് രജിസ്റ്റർ ചെയ്തവരിൽ സീനിയോറിട്ടി നോക്കി പട്ടിക ഇ-മെയിലിൽ കൈമാറാം. അതനുസരിച്ച് സംവരണം പാലിച്ച് നിയമനം നടത്താം. പക്ഷേ, അതിനുള്ള താത്പര്യം സർക്കാരിനുണ്ടാവണം.
സംവരണം വഴി
ലഭിക്കേണ്ട നിയമനം
(ബ്രാക്കറ്റിൽ ശതമാനം)
ഈഴവ: 1540 (14)
മുസ്ലിം: 1320 (12)
മുന്നാക്കം :1100 (10)
പട്ടിക ജാതി: 880 (8)
ലത്തീൻ: 440 (4)
വിശ്വകർമ്മ: 330 (3)
മറ്റ് പിന്നാക്ക ഹിന്ദു: 330 (3)
പട്ടിക വർഗം: 220 (2)
ഹിന്ദു നാടാർ 110 (1)
എസ്.ഐ.യു.സി: 110 (1)
ദളിത് ക്രൈസ്തവർ: 110 (1)
ധീവരർ: 110 (1)
ആകെ : 6600